Saturday, December 12, 2015

അലിഞ്ഞു തീരവേ ...

.

തിരിച്ചു പോകുവാനാകാതെ
പകച്ചു നില്ക്കവേ
തിരികെ നടക്കുവാനേറെ
കൊതിച്ചു പോകവേ

ഉളളിൽ കുരുത്ത
മോഹങ്ങളൊക്കെയും
വ്യാമോഹമായ്‌
മോഹിപ്പിക്കവേ

ചിന്തീറിട്ടു മിനുക്കിയ
മനസ്സിന്നുള്ളിൽ
ഉരുകിത്തീരും
കർപ്പൂരനാളമുലഞ്ഞുവോ

കണ്ണീരുപ്പു കലർന്ന
കവിതയുണർന്നുവോ
കാതരയായ് കേഴും
രാപ്പാടി പാടുന്നുവോ

നിലാവിന്റെ കൈകളിൽ
ആലോലമാടുവാനില്ലാതെ
കൂട്ടിന്നിളം കിളി
പാറിയകന്നുവോ

രാഗമില്ലാത്ത ഗാനമായ്
താളമില്ലാത്ത നടനമായ്
ഹൃദയമില്ലാത്ത പ്രേമമായ്
അലിഞ്ഞു തീരുവതെന്തു ഞാൻ ...

Friday, October 23, 2015

കാവ്യമാല്യം ...






അക്ഷരപ്പൂക്കളാൽ
അർപ്പിക്കയായ്
കാണിക്കയായെൻ 
കാവ്യമാല്യം
ഇലകൾ പൊഴിഞ്ഞ
മരങ്ങളായെങ്കിലും
വസന്തമണയവേ
പൂക്കാതിരിക്കുമോ
അർച്ചനയ്ക്കായ്
വിരിയുവതെന്നും
കൈക്കുടന്നയിൽ
നിറയും മലരുകൾ
നറുമണം പകരും
തുളസിക്കതിരായ്
വിടരുവാനേറെ
മോഹിക്കയായ്
ശുദ്ധമാം ജലവും
തീർഥമായ് മാറവേ
അർച്ചനാപുഷ്പമായ്
പുനർജനിക്കാം
നിറമാലയാലെന്നും
തെളിഞ്ഞു നില്ക്കവേ
പ്രാർഥനാഗീതമായ്
ഒഴുകിയെത്താം
കാവ്യഗീതികൾ
ഇനിയും ഉയരവേ
തെളിയിച്ചിടാമെന്നും
ഒരു നറുദീപം ..

Saturday, October 17, 2015

അർത്ഥമറിയാതെ



മൂകമാം നിമിഷങ്ങൾ
വാചാലമേറി
മിഴിനീരടരുവാൻ
വിതുമ്പി നിൽക്കവേ
അറിയാതെ
പോയതേതു നൊമ്പരം..

മൗന വാത്മീകത്തിൽ
തൂവൽ കൊഴിഞ്ഞൊരു
പക്ഷിയായ്
പറന്നുയരുവാനാകാതെ
വെയിലേറ്റു വാടിത്തളർന്നും
മഴയേറ്റു തണുത്തുറഞ്ഞും
കേഴുമാ വാനമ്പാടിയേതോ...

അഴലുകളെല്ലാം വാരിപ്പുതച്ച്
അണയാത്ത കനലുകൾ
നെഞ്ചിൽ നിറച്ചെന്നും
മുഗ്ദമാം പുഞ്ചിരിയാൽ
സ്നിഗ്ദമാം മനസ്സിനെ
മായാമയൂരമായ്
മാറ്റുവതെങ്ങിനെ

പച്ചിലച്ചാർത്തിൽ
പൂത്തു വിരിഞ്ഞൊരു
നറുമലരായ് മാറുന്നുവോ
നറുനിലാവിൽ
കാണാതലിയും
നിഴൽ മാത്രമായ്
തീരുന്നുവോ

മനസ്സിൽ ഉണരും
കവിതാശകലങ്ങൾ
അർത്ഥമറിയാതെ
മായുന്നുവോ

തീരങ്ങളിൽ
അലയടിക്കും
തിരകളായ്

ഇനിയും വരുകയില്ലേ..

Saturday, September 26, 2015

നിശാഗന്ധികൾ പൂക്കവേ

...

നിലാവിന്റെ കൈകളിൽ
ആലോലമാടുവാൻ
പൂത്തു വിടർന്നൊരു
നിശാഗന്ധി പുഷ്പമേ

ആരും കാണാതെ
കൊഴിഞ്ഞു വീഴവേ
തപ്തനിശ്വാസങ്ങൾ
പകർന്നതെന്തിനോ

ഇരുൾവീണവഴിയിൽ
കാണാമറയത്ത് നിന്നും
ഒഴുകിയെത്തും ഗന്ധമായ്
നിൻ സാമീപ്യമറിയവേ

പകൽവെളിച്ചത്തിൽ
വിടരുവാനാകാത്ത
നിൻ മൌന നൊമ്പരം
ആരുമറിയാതെ പോകയായ്

സൂര്യകിരണത്തിൻ
പരിരംഭണമറിയുവാൻ
കൊതിച്ചിടും നിന്നുള്ളം
നുള്ളിനോവിക്കുവാനായ്

പകലിനു വഴിമാറി
നിശയകന്നു പോകവേ
കൊഴിഞ്ഞു വീഴുവാൻ
വിധിച്ചതല്ലോ നിൻ ജന്മം...

Tuesday, September 15, 2015

സ്വാന്ത്വനമായ്



മോഹമാം നീർകുമിളകൾ
ഉടയാതെ തെന്നിതെറിക്കവേ
മയങ്ങുന്ന കണ്‍പീലികൾ
വിറയാർന്നു തുറക്കുന്നുവോ

കാണാമറയത്തു മാഞ്ഞൊരു
നോവിന്റെ ഈരടികൾ
കിനാവിന്റെ തീരത്ത്
പുതുനാമ്പായ് കിളിർത്തുവോ

നിലയ്ക്കാത്ത രാഗപല്ലവിയിൽ
ഉയരുന്ന കാൽചിലമ്പൊലികൾ
മനസ്സിന്റെ നോവുകളിൽ
ഇടറാത്ത  താളമായ് വിരിയട്ടെ

സ്വപ്നങ്ങൾക്ക്‌ ചിറകേകുവാൻ
നിർമലമാം പുഞ്ചിരിയുമായ്
നോവിന്റെ തീരത്തണഞ്ഞ
ഗന്ധർവ്വകിന്നരനാരോ

അഴലിന്റെ തീരങ്ങളിൽ
നിശാഗന്ധിയായ്  പൂത്തുവോ
ഗന്ധർവ്വയാമങ്ങളിൽ
മിന്നാമിനുങ്ങായ് തെളിഞ്ഞുവോ          

തീരമണയാത്ത തോണി പോൽ
അലകളിൽ ചാഞ്ചാടവേ
നിനവിന്റെ തീരങ്ങളിൽ
സ്വാന്ത്വനമായ് അലിയുകയല്ലേ

Tuesday, September 8, 2015

പൂങ്കാവനമായ് .

.

നനവാർന്ന കണ്‍പീലികളിൽ
മയക്കമെന്തിയായ് ഒളിപ്പൂ
മഴനീർതുള്ളികൾ ഒഴുകാതെ
സ്വപ്നം വിടരുന്നതിനാകുമോ

ചിങ്ങനിലാവിൻ നിഴലായ്
കാർമേഘക്കൂട്ടം വന്നണയവേ
പെയ്തൊഴിയാതെ വഴിമാറിയ
കർക്കിടകപെണ്ണ്‍ ചിരിക്കുന്നുവോ

ശ്രുതിയില്ലാത്ത പാട്ടിന്നലകളിൽ
മനസ്സൊരു മയൂരമായ് മാറുകയോ
ഹൃതന്ത്രികളിൽ മീട്ടിയ രാഗത്തിൽ
താളലയങ്ങളുണരുന്നുവോ

ഹൃത്തടത്തിൽ സൂക്ഷിച്ചൊരു
സ്വപ്നമാം മണ്‍കുടം വീണുടയാതെ
നിതാന്ത മോഹത്തിൻ അഗ്നിയിൽ
കനലായ് വാർത്തെടുക്കുന്നുവോ

നഷ്ടമാക്കില്ലയെൻ സ്വപ്നങ്ങളിനിയും
പ്രണയപരാഗങ്ങൾ പകർന്നേകി
പുഷ്പിക്കയിനിയുമെൻ മോഹങ്ങൾ
സ്വപ്നഭൂവിലൊരു പൂങ്കാവനമായ് ...


Sunday, August 9, 2015

ഇനിയും.

..

ഓർമ്മകൾ തൻ
തീരത്ത് നിന്നും
പെറുക്കിയെടുത്ത
വെള്ളാരംകല്ലുകൾ,

ചിന്നിച്ചിതറിയ
വളപ്പൊട്ടുകളായ്
മാനം കാണാത്ത
മയിൽപീലിയായ്

എണ്ണമില്ലാത്ത
മഞ്ചാടിക്കുരുവായ്
നാഗക്കളങ്ങളിൽ
നാഗകന്യകയായ്

നാവേറ് പാടിയെത്തും
പുള്ളുവക്കുടമായ്
നിലയില്ലാ കയത്തിലെ
ആമ്പൽ പൂവായ്

തൊടികളിൽ പാറിയെത്തും
കണ്ണാംതുമ്പിയായ്
നിലാവിൽ വിരിയുന്നൊരു
നിശാഗന്ധിയായ്

മേടപ്പുലരികളിൽ
കണിക്കൊന്നപൂക്കളായ്
ഓണനിലാവിലെത്തും
കൈകൊട്ടിപ്പാട്ടുകളായ്

മായാത്ത ഓർമ്മകളിൽ
ഇനിയുമൊരു വസന്തമായ്‌
സുഗന്ധം പരത്തുമൊരു
നറു നിലാവായലിയട്ടെ.

Saturday, June 20, 2015

പുനർജന്മത്തിനായ്...



നിലാവിൻ തേങ്ങലുകൾ
കേൾക്കാതെ രാവുറങ്ങിയോ
കൈക്കുമ്പിളിലൊതുങ്ങിയ
മഴത്തുള്ളികൾക്കുപ്പുരസമോ

നിറഞ്ഞു തുളുമ്പിയ മിഴിനീരിറ്റു
വീഴുവതറിയാതെ മഴയലിഞ്ഞുവോ
വിങ്ങുമൊരു ഹൃത്തടത്തിൽ
പെരുമ്പറ മുഴങ്ങിയതെന്തിനോ

നിലാവിലൊളിച്ച നിഴലറിയാതെ
ജന്മാന്തരങ്ങളിലലയുകയോ
നിശയുടെ നിശ്ശബ്ദതയിൽ
ആരുമറിയാതെ കേഴുന്നതെന്തിനോ

ഇനിയൊരു ജന്മത്തിനായ്
കാത്തിരിക്കുവാനാകില്ലൊരിക്കലും
ഇതൾ കൊഴിഞ്ഞ കുസുമമായി
പുനർജന്മമിനിയും കാത്തിരിപ്പൂ 

Saturday, June 13, 2015

ഉണരട്ടെ..

ഉണരട്ടെ..

താരാട്ടിനീണം നിലയ്ക്കും മുൻപേ
കിളിക്കൊഞ്ചൽ നാദം ഇടറാതെ
പാൽമണം മാറാത്ത പുഞ്ചിരിയുമായ്
ചിറകറ്റ പൈങ്കിളിയായ് മാറാതെ

നീറുമൊരോർമയായ് തീരാതെ
ജീവസ്സിൻ തുടിപ്പുകൾ ഉയരവേ
ഉരുകിതീർന്ന മനസ്സുകളൊക്കെയും
പുതുജീവനായ് തുടിക്കട്ടെ

നിറയുന്ന കണ്ണുകൾ തുളുമ്പാതെ
പ്രാർഥനാ മന്ത്രങ്ങളുരുവിടവേ
പിടയുന്ന ജന്മങ്ങൾക്കുണർവേകി
നിറപുഞ്ചിരിയുമായ് ഉണർന്നിടട്ടെ

Sunday, April 26, 2015

പൂരം വരവായി...



തൃശ്ശിവപേരൂരിൻ
നടുമുറ്റം  വാഴും
വടക്കുന്നാഥൻ തൻ
തിരുമുമ്പിൽ
കാഴ്ചയുമായെത്തും
ദേവഗണങ്ങൾക്കായ്
കൊടിയേറും പൂരം
വന്നണയുകയായ്

മേളത്തിൻ
അകമ്പടിയുമായ്
ഗജരാജപ്പുറമേറി
ദേവതകളണയുകയായ്

തിരുവമ്പാടികണ്ണന്റെ
കോലത്തിന്മേലേറി
ദേവിയെഴുന്നള്ളും
മഠത്തിൽവരവിനായ്
പഞ്ചവാദ്യപ്പെരുമയിൽ
പുരുഷാരമുണരുകയായ്

പാറമേക്കാവിലമ്മ
വണങ്ങുവാനെത്തവേ
ഇലഞ്ഞിത്തറമേളത്തിൽ
അലിഞ്ഞു ചേരും
നാടും നഗരവുമൊന്നായ്
ചേർന്നിറങ്ങുകയായ്

ചെങ്കതിരുകൾ വീശും
സൂര്യപ്രഭയിൽ
തെക്കോട്ടിറക്കവുമായ് 
ആലവട്ടം വെഞ്ചാമരം
മുത്തുക്കുടകളുമായ്
ഗജരാജർ വരികയായ്

കണ്ണിനും കാതിനും
ഇമ്പമേറും മേളവുമായ്
വർണ്ണപ്പകിട്ടേറിയ
കുടമാറ്റമരങ്ങേറവേ
സർവ്വചരാചരങ്ങളൊന്നായ്
ആവാഹിച്ചാസ്വദിക്കയായ്

കാഴ്ചകളൊന്നായ്
കണ്ടു നടക്കവേ
വർണ്ണങ്ങളൊന്നൊന്നായ്
പൂത്തു വിടരവേ
മാനത്തെ പൂരവും
മനം കവരുകയായ്

പൂരം നാളിൽ
കാണാത്ത പൂരത്തിനായ്
പകലൊന്നു പിന്നെയും
മേളമോടെ വരവായ്
ഉപചാരം ചൊല്ലി പിരിയുവാൻ
മുഖാമുഖം കണ്ടുനിൽക്കാം

പകൽപ്പൂരത്തിനായെത്തും
മാലോകർ തൻ
ആവേശത്തിന്നറുതിയായ്
വരും വർഷമിനിയും
കാണാമെന്നുപചാരവുമായ്
വിട ചൊല്ലി പിരിയുകയായ്

Saturday, April 18, 2015

ദേവഗീതമായ് ...



ദേവസംഗീതമെന്നിൽ
പടർന്നു നിറയവേ
നന്ദനവനിയിലെൻ
ജീവനുണരുകയായ്

ഹരിഗോവിന്ദത്തിലെൻ
ഹൃദയമുണരവേ
താരപഥമെന്നിൽ
നക്ഷത്രകുഞ്ഞുങ്ങളായ്

നിറച്ചാർത്തായ്
തെളിഞ്ഞൊരോർമ്മയിൽ
ദിവ്യമാമോരനുരാഗം
പൂവായ് വിരിയുകയായ്

വിരിയാതെ പോയൊരു
പൂമൊട്ടിനുള്ളീൽ
അലിഞ്ഞു ചേരും
തേൻകണമായലിയുകയായ്

നിറഞ്ഞു തുളുമ്പും
കണ്ണുനീരൊഴുക്കാതെ
നിലാവലപോലെന്നിൽ
തെളിഞ്ഞു നില്ക്കയായ്

കനവുകൾ നെയ്തൊരു
മോഹകമ്പളത്തിൽ
കാണിക്കയായ് മാറിയ
സ്നേഹം തിളങ്ങുകയായ്

ജീവശ്വാസമായെന്നിൽ
സ്പന്ദിക്കും നിമിഷത്തിൽ
അതിരുകളില്ലാതെ
സ്വാന്ത്വനമുണരുകയായ്..

Thursday, April 16, 2015

അഴലായ് ...


നിലാവിന്റെ തോഴിയായ്
നിശാഗന്ധികൾ പൂക്കവേ
കാവലായ് നിന്നൊരു
ഗന്ധർവ്വകിന്നരനോ

അഴലിന്റെ സ്വപ്‌നങ്ങൾ
പങ്കു വെച്ചൊരു നാൾ
കിനാവിന്റെ തീരങ്ങൾ
തേടി വന്നതെന്തിനോ

നിലയിലാ  കയത്തിൽ
നീന്തി തുടിക്കവേ
സൂര്യനെ സ്നേഹിച്ച
താമരയായ് വിടരുമോ

നിഴലുകൾക്കുമുണ്ടൊരു
സ്വപ്നമെന്നറിയാതെ
ആഴങ്ങളിൽ മയങ്ങുമൊരു
ചിപ്പിക്കുള്ളിലെ മുത്താകുമോ

മാനസപൂജയ്ക്കായ്
വന്നൊരു നാളിതിൽ
മന്ത്രമുതിരും ജപവുമായ്
പൂജാപുഷ്പമായ്   തീർന്നുവോ

പുണ്യതീർത്ഥങ്ങളിൽ
മുങ്ങി നീരാടുവാൻ
കൃഷ്ണ തുളസി കതിരായ്
പുനർജന്മമേകിയോ ....

Sunday, April 12, 2015

വിഷുക്കണി ...



ഓർമ്മകൾ തൻ
നിറച്ചാർത്തിൽ
കസവു ഞൊറിയും
കണിവെള്ളരിയും
കണിക്കൊന്ന തൻ
സ്വർണ്ണവർണവും
പൊന്നോടക്കുഴലുമായ്
ഉണ്ണിക്കണ്ണനും
ഏഴുതിരിയിട്ട
പൊൻവിളക്കും
അഷ്ടമംഗല്യ
താലത്തിലുണരും
വാൽകണ്ണാടി തൻ 
തെളിമയും
കാണിക്കയായൊരു
നാണയത്തുട്ടും
പുതുമണം മാറാത്ത
കോടിമുണ്ടും
ഒന്നിച്ചൊരുക്കിയ
വിഷുക്കണി വരവായ്...

Friday, April 10, 2015

മഴവില്ലായ്‌...



കത്തിച്ചു വെച്ചൊരു
നിലവിളക്കിൻ മുന്നിൽ
എരിഞ്ഞു തീരുകയായ്
കർപ്പൂര  നാളമായ്

കണ്ണീരുണങ്ങാത്ത
കവിൾത്തടങ്ങളിൽ
മഴത്തുള്ളിയിനിയും
അലിഞ്ഞു ചേരുന്നുവോ

കാണാതെ പോയൊരു
നോമ്പരപ്പൂവിന്റെ
തേങ്ങലുകളിനിയും
കേൾക്കാതെ പോകയോ

കരയുകയില്ല ഞാൻ
ജീവനില്ലാതെയാകിലും
കണ്ണീരണിഞ്ഞാലിനിയെൻ
ജീവനകന്നു പോകുകിൽ

ജീവന്റെ ജീവനെ
നെഞ്ചോടു ചേർക്കുവാൻ
കാത്തിരിക്കയാണെന്നും
വെറുമൊരു വേഴാമ്പലായ്

കണ്ണീർകിനാവിന്റെ
തീരത്ത് നിന്നും
നൽകിടാമെന്നുമൊരു
കൊച്ചു സ്വപ്നതീരം

താലോലിക്കുവാൻ
നീട്ടിടും കൈകളിൽ
പങ്കുവെയ്ക്കാമല്പം
സ്നേഹ തീർത്ഥം

വാനിലമ്പിളിയായ്
തെളിഞ്ഞുയരവേ
കാണാതെ പോകുമോ
ഈ തോട്ടാവാടിയെ

പുലർവെയിലായ്
ഇളം മഞ്ഞുതുള്ളിയായ്
തലോടുവാനെത്തവേ
മഴവില്ലായ്‌ മായരുതേ ...

Sunday, April 5, 2015

അറിയുവാൻ ...



നോവുകൾക്കുള്ളിൽ
മയങ്ങും മനസ്സിനെ
തൊട്ടുണർത്തി
ആരുമറിയാതെ
പ്രിയമെന്നോതി
മറഞ്ഞതെങ്ങു നീ

കാണാകിനാക്കൾ
ചിതറി വീഴവേ
വെയിലേറ്റു വാടിയ
തൊട്ടാവാടി പോൽ
കരിഞ്ഞു വീഴും
ജീവനെയറിയുമോ

മോഹഭംഗങ്ങളെ
മോഹനമാക്കിയ
അഗ്നിശുദ്ധിയാൽ
തപം ചെയ്തൊരു
സ്നേഹത്തിന്നാഴം
അറിയാതെ പോകയോ

നിഴലും നിലാവുമായ്‌
സൂര്യന്റെ താമരയായ്‌
മുല്ലവള്ളി തൻ തേന്മാവായ്
യമുന തൻ സംഗീതമായ്
ചിലങ്ക തൻ ചിലമ്പൊലിയായ്
തമ്മിലലിഞ്ഞതെന്തിനായ്

അർദ്ധനാരീശ്വര സ്ങ്കല്പമായ്
പകുത്തെടുത്തതെന്തിനായ്
വൃന്ദാവനിയിലെ രാധയായ്
വിരഹിണിയായ് കേഴുവാനോ
ഭക്തമീരയായിനിയും
ഗീതങ്ങൾ പാടുവാനോ

കാത്തിരിപ്പതിവിടെ
ഞാനിനിയും
നിന്നുടെ വിളിയൊന്നു
കേൾക്കുവാൻ
മൊഴിയാതെ മൊഴിയും
സ്വാന്തനമറിയുവാൻ ...

Tuesday, March 31, 2015

ചിത്രമായ്‌....



ഓർമ്മകളിൽ
മായ്ക്കുവാനാകാതെ
നീറിപ്പടരുന്ന
മായാ ചിത്രമായ്‌

ഇരുളല മാറ്റിയ
വെള്ളിവെളിച്ചമായ്
പുതുമഴയേറ്റൊരു
ഭൂമിതൻ സംഗീതമായ്

ചിറകു കൊഴിക്കും
ഈയാമ്പാറ്റയായ്
കാറ്റിലൂയലാടും
നെൽക്കതിരുകളായ്

ഇനിയും വരാത്ത
പൂമ്പാറ്റകളായ്
കാറ്റിലണയാത്ത
തിരിനാളമായ്

കത്തിജ്വലിക്കുമൊരു
തീപ്പന്തമായ്
നിഴൽചിത്രമായ്
പടർന്നേറവേ

നോവിന്റെ തേങ്ങലുകൾ
ഉള്ളിലൊതുക്കും
എന്നിലെ എന്നെ
അറിയാതെ പോകയോ...

Sunday, March 29, 2015

ഇനിയും ....



എരിഞ്ഞുതീരും
പകലിനെ നോക്കി
നെടുവീർപ്പിടുന്നൊരു
നിഴലിനെ പോൽ,

അകന്നുപോകും
സ്നേഹ മന്ത്രണം
മരീചികയായ്
മാഞ്ഞു പോകയോ

കേൾക്കാൻ കൊതിച്ച
മൃദുവാം പദനിസ്വനം
അരികിലണയാതെ
വഴിമാറി പോകവേ,

തീരം താഴുകാത്ത
തിരമാല കണക്കേ
ആഴപ്പരപ്പിൽ
ചുഴിയാകുന്നുവോ

കനവുകൾ പകുത്ത്
നിനവിന്റെ തേരിൽ
ജീവശ്വാസമായ്
നിറഞ്ഞതെന്തിനോ

വിടരാത്ത പൂവിന്റെ
സ്നിഗ്ധത നുകരവേ
കൊഴിയുവാൻ മാത്രം
വിടർന്നതെന്തിനോ

പൊഴിയുവാനായ്
വർണ്ണച്ചിറകുകളേകി
തിരിഞ്ഞൊന്നു നോക്കാതെ
പറന്നു പോയതെവിടെ

മുറിവേറ്റ ചിറകുകൾ
ഉയർത്തുവാനാകാതെ
കേഴുമീ പൈങ്കിളിയെ
തലോടുവാൻ വന്നിടുമോ

മിഴിനീർ വാർക്കും
നിശ്വാസങ്ങളിൽ
കനിവിന്റെ ഉറവായ്
ഇനിയും പടർന്നേറുമോ ...

Sunday, March 15, 2015

കാണിക്കയായ്..




കനലായ് എരിഞ്ഞൊരു നൊമ്പരം
അണയാതെ സൂക്ഷിക്കും നാളുകളിൽ
മിഴികളിൽ തെളിഞ്ഞൊരു തിരിനാളം
കാണാമറയത്തു നിന്നും കാണവേ,

കെടാവിളക്കായ് കാത്തുസൂക്ഷിക്കാൻ
അലിവോലും മനമൊന്നറിയവേ
തീരാത്ത നൊമ്പരമലിയുമ്പോൾ
അകതാരിൽ വിടർന്നൊരു നറുപുഷ്പം

ഇതളൊന്നു കൊഴിയാതെ സൂക്ഷിച്ചിടാം
തളിരൊന്നു വാടാതെ കരുതി വെയ്ക്കാം
ഇളം തെന്നലൊന്നു തലോടവേ
നറുസുഗന്ധം പകർന്നു തരാം

നോവിൽ പിടയുന്നൊരുള്ളമെന്നും
നോവറിയാതെ തലോടുവാനായ്
നോവിൻ മുറിവുകൾ പകർന്നെടുക്കാം
നോവാതെയെന്നും കൂട്ടിരിക്കാം

കാരുണ്യമേകും കൈകൾക്കെന്നും
പ്രാർഥന തന്നുടെ ശക്തിയേകാം
സ്നേഹം പകരും മനസ്സിനെന്നും
തൂവൽസ്പർശമാം സ്പന്ദനമാകാം
 
ഉള്ളുരുകും മിഴിനീർ തുടയ്ക്കുവാൻ
കണ്ണനാമുണ്ണി തൻ വരദാനമല്ലയോ
തിരുമുന്നിലെന്നും കൈകൂപ്പവേ
കാണിക്കയായ് തന്ന ജന്മമല്ലയോ

പത്മമായ് വിടർന്നോരുള്ളമല്ലയോ
നറുവെണ്ണയായ്  അലിയുന്നതല്ലയോ
വേഴാമ്പലായ് കേഴുമൊരു ജന്മമല്ലാതെ
പകരമായ് നൽകുവാനില്ലയൊന്നും.

Sunday, February 22, 2015

സ്നേഹഗീതം

 ...

ഉയർന്നു കേൾക്കും തേങ്ങലുകൾ
കാതിന്നുള്ളിൽ അലയടിക്കവേ
തിരിച്ചു പോകുവാനാകാതെ
ഇടറി നിന്ന പാദങ്ങളിൽ
അഴിക്കുവാനാകാത്ത
കൂച്ചു വിലങ്ങണിയിച്ചതാരോ

നെരിപ്പോടായ് നീറുന്നൊരു
മനമറിയാതെ പിരിയുവതെന്തിനോ
പിരിയ്ക്കുവാനാകാത്ത
കാണാച്ചരടിനാൽ ബന്ധിപ്പിച്ചതല്ലയോ
നീറും ഹൃദയത്തിൽ നിണമണിയിക്കും
നോവിൻ മുറിവായ്‌ തീർന്നതെന്തിനോ

കണ്ണീർക്കണമായ് മാറുന്നൊരു
കരളിൻ നൊമ്പരമറിയുന്നതല്ലേ
സ്വപ്നങ്ങളെന്നും വില്പനക്കായ്
കൊണ്ടു പോകുന്നതല്ലയോ
തീരാക്കടങ്ങളിൽ വില്ക്കുവാനില്ലാതെ
ജീവിതം തട്ടിക്കളയുവതെന്തിനായ്

കൈവിട്ടു പോകുന്ന ജീവിതയാത്രയിൽ
മാനസമെന്നും കുളിരണിയട്ടെ
കെടാതെയെന്നും തെളിക്ക നീയീ
കിനാക്കൾ തൻ നിറദീപം
ആമോദചിത്തരായ് പാടുക നീയീ
സ്നേഹ സംഗമത്തിൻ ഗാഥകളെന്നും

പുലരിക്കായ്‌ ...



ഏതോ സ്വപ്നഭൂവിൽ
വിരിഞ്ഞു നിന്നൊരു മലരേ
മഴത്തുള്ളി കിലുക്കത്തിൻ
നൂപുരധ്വനി കേട്ടുണർന്നുവോ 

കൂടൊന്നൊരുക്കി കാത്തിരിക്കും
കുരുവി തൻ നൊമ്പരമറിയാതെ
പെയ്തിറങ്ങും മഴമുകിലേ
വഴിമാറി പോകാനാകുമോ

ഇളംമഞ്ഞിൻ കുളിരുമായ്
വീശിയെത്തും ഇളംതെന്നലേ
വിടർന്നൊരു പൂവിന്നിതളുകൾ
കൊഴിയാതെ തലോടുവാനാകുമോ

കൊഴിഞ്ഞ പീലികൾ കോർത്താലും
മാമയിലായ് തീരുകില്ലെന്നറിവിൽ
നിറഞ്ഞു നില്ക്കും ഗ്രാമഭംഗി
വില്പനക്കായ് നല്കരുതേ

കതിരണിഞ്ഞ വയലേലകൾ
കാണാക്കനിയായ് തീരവേ
നിറംചാർത്തുമോർമ്മകൾ 
പഴമോഴിയായ് മാറുകയോ

അസ്തമയസൂര്യന്റെ
ചെങ്കതിരൊളി മായും മുമ്പേ
കാഴ്ചകൾ മറയവേ
ഇരുൾ മൂടുന്നതറിയുന്നുവോ

ഇനിയും കാതോർത്തിരുന്നാൽ
ഉണരും പുലരികൾക്കായ്
പുതിയൊരു ഗീതവുമായ്
വാനമ്പാടി പറന്നണയുകില്ലേ...

Tuesday, February 17, 2015

താരാട്ടിനീണമായ് ..

.

നിറച്ചാർത്തുകൾ തൻ
നിറം മങ്ങിയതറിയാതെ
സ്വപ്നങ്ങൾക്ക്‌ നിറമേഴും
പകരുന്നതെന്തിനായ്

തകർന്നു പോയ തന്ത്രികളിൽ
പുതു രാഗമുയർത്തുവാൻ
ചിതറിത്തെറിച്ച ചിലങ്കയിൽ
താാളമുണരുന്നുവോ

ഒരു രാപ്പാടിയായ് പാടുകില്ലേ
നിശാഗന്ധിയായ് വിരിയുകില്ലേ
കൊഴിയുന്ന പൂവിന്നിതളായ്
കരിഞ്ഞുണങ്ങി പോകരുതേ

മോക്ഷമില്ലാത്തൊരഹല്യയായ്
പാഴ്കല്ലായ് തീർക്കരുതേ
അലിയുന്ന മനസ്സിന്നാഴമറിയാതെ
കരിങ്കല്ലെന്നു മുദ്ര പതിക്കരുതേ

സ്വയമുരുകും മെഴുതിരിപോൽ
ഉരുകുകയാണെൻ ഹൃത്തടം
നോവുമിടനെഞ്ചിൻ തേങ്ങലുകൾ
താരാട്ടിനീണമായ് തീർന്നിടട്ടെ..