Sunday, February 22, 2015

പുലരിക്കായ്‌ ...



ഏതോ സ്വപ്നഭൂവിൽ
വിരിഞ്ഞു നിന്നൊരു മലരേ
മഴത്തുള്ളി കിലുക്കത്തിൻ
നൂപുരധ്വനി കേട്ടുണർന്നുവോ 

കൂടൊന്നൊരുക്കി കാത്തിരിക്കും
കുരുവി തൻ നൊമ്പരമറിയാതെ
പെയ്തിറങ്ങും മഴമുകിലേ
വഴിമാറി പോകാനാകുമോ

ഇളംമഞ്ഞിൻ കുളിരുമായ്
വീശിയെത്തും ഇളംതെന്നലേ
വിടർന്നൊരു പൂവിന്നിതളുകൾ
കൊഴിയാതെ തലോടുവാനാകുമോ

കൊഴിഞ്ഞ പീലികൾ കോർത്താലും
മാമയിലായ് തീരുകില്ലെന്നറിവിൽ
നിറഞ്ഞു നില്ക്കും ഗ്രാമഭംഗി
വില്പനക്കായ് നല്കരുതേ

കതിരണിഞ്ഞ വയലേലകൾ
കാണാക്കനിയായ് തീരവേ
നിറംചാർത്തുമോർമ്മകൾ 
പഴമോഴിയായ് മാറുകയോ

അസ്തമയസൂര്യന്റെ
ചെങ്കതിരൊളി മായും മുമ്പേ
കാഴ്ചകൾ മറയവേ
ഇരുൾ മൂടുന്നതറിയുന്നുവോ

ഇനിയും കാതോർത്തിരുന്നാൽ
ഉണരും പുലരികൾക്കായ്
പുതിയൊരു ഗീതവുമായ്
വാനമ്പാടി പറന്നണയുകില്ലേ...

No comments:

Post a Comment