Sunday, March 15, 2015

കാണിക്കയായ്..




കനലായ് എരിഞ്ഞൊരു നൊമ്പരം
അണയാതെ സൂക്ഷിക്കും നാളുകളിൽ
മിഴികളിൽ തെളിഞ്ഞൊരു തിരിനാളം
കാണാമറയത്തു നിന്നും കാണവേ,

കെടാവിളക്കായ് കാത്തുസൂക്ഷിക്കാൻ
അലിവോലും മനമൊന്നറിയവേ
തീരാത്ത നൊമ്പരമലിയുമ്പോൾ
അകതാരിൽ വിടർന്നൊരു നറുപുഷ്പം

ഇതളൊന്നു കൊഴിയാതെ സൂക്ഷിച്ചിടാം
തളിരൊന്നു വാടാതെ കരുതി വെയ്ക്കാം
ഇളം തെന്നലൊന്നു തലോടവേ
നറുസുഗന്ധം പകർന്നു തരാം

നോവിൽ പിടയുന്നൊരുള്ളമെന്നും
നോവറിയാതെ തലോടുവാനായ്
നോവിൻ മുറിവുകൾ പകർന്നെടുക്കാം
നോവാതെയെന്നും കൂട്ടിരിക്കാം

കാരുണ്യമേകും കൈകൾക്കെന്നും
പ്രാർഥന തന്നുടെ ശക്തിയേകാം
സ്നേഹം പകരും മനസ്സിനെന്നും
തൂവൽസ്പർശമാം സ്പന്ദനമാകാം
 
ഉള്ളുരുകും മിഴിനീർ തുടയ്ക്കുവാൻ
കണ്ണനാമുണ്ണി തൻ വരദാനമല്ലയോ
തിരുമുന്നിലെന്നും കൈകൂപ്പവേ
കാണിക്കയായ് തന്ന ജന്മമല്ലയോ

പത്മമായ് വിടർന്നോരുള്ളമല്ലയോ
നറുവെണ്ണയായ്  അലിയുന്നതല്ലയോ
വേഴാമ്പലായ് കേഴുമൊരു ജന്മമല്ലാതെ
പകരമായ് നൽകുവാനില്ലയൊന്നും.

No comments:

Post a Comment