Tuesday, July 10, 2018

യാത്രയായ്...


മഞ്ഞിൻ ചുംബനമേറ്റുറങ്ങും
പൂവിനെ തൊട്ടുണർത്തുവാൻ
എത്തി നോക്കും സൂര്യകിരണങ്ങൾ
മഴ മേഘങ്ങളിലൊളിച്ചുവോ
അമ്പലമുറ്റത്തെ അരയാൽ ചില്ലകൾ
അഷ്ടപദി കേട്ടുണരവേ
തീർത്ഥക്കുളങ്ങളാൽ ഈറനണിയുവതില്ലയോ
ഉച്ചിയിൽ സൂര്യൻ ജ്വലിച്ചു നിൽക്കവേ
പുഴതൻ ഓളങ്ങളുമായ് കിന്നാരമോതിയോ
പടവരമ്പത്ത് കറ്റകൾ കൊയ്യുവാൻ
പച്ചപനംതത്തയും വന്നണഞ്ഞുവോ
പാടി പതിഞ്ഞൊരു പാട്ടിനീണവുമായ്
സാന്ധ്യ രാഗം മൂളുവതാരോ
കടലിന്നഗാധതയിലാഴും സൂര്യനെനോക്കി 
അലതല്ലും സങ്കട തിരകളുമായ്
പകലിൻ നോവുകൾ പകർന്നേകും
ചെഞ്ചോര ചുവപ്പാർന്ന സന്ധ്യേ
നക്ഷത്ര കുഞ്ഞുങ്ങൾ കൺചിമ്മും
രാവിൻ മടിയിലുറങ്ങീടാൻ
പവിഴമല്ലിപ്പൂവിൻ സുഗന്ധവുമായ്
രാജവീഥികളിൽ യാത്രയായോ...

No comments:

Post a Comment