Tuesday, July 10, 2018

ഓംകാരമായ്...


കൃഷ്ണ തുളസിയായ്
തീരുവാൻ മോഹിച്ചു
കാൽത്തളിരിണയിൽ
പൂജാപുഷ്പമായീടുവാൻ
ഓംകാര നാദമായീടുകിൽ
നാമാർച്ചന നൽകീടാം
മുരളികയായ് തീരുമെങ്കിൽ
ചുണ്ടിണകളാൽ മുദ്രണമായേനെ
തുലാഭാരമേറിടുമ്പോൾ
തൂവെണ്ണയിലലിഞ്ഞിടട്ടെ
സന്ധ്യാ ദീപം തെളിഞ്ഞുമ്പോൾ
നാമസങ്കീർത്തനമായിടട്ടെ ...

നന്മയായ് ..

നന്മയ്ക്കു പകരമെൻ
അമ്മയെന്നോതുകിൽ
അതിശയമില്ല തെല്ലുമേ
എന്നുംസ്നേഹമാണെന്നമ്മ
ആദ്യാക്ഷരം കുറിച്ചൊരു
വിരൽ തുമ്പിനാലെന്നും
കണ്ണീരണിയും കവിൾതടങ്ങൾ
തഴുകി തലോടവേ
ഇടറി വീഴും നിമിഷങ്ങളിൽ
താങ്ങായരികിലെത്തവേ
ആ നെഞ്ചിലൊന്നു തലചായ്ക്കവേ
ഉരുകി തീരുവതെൻ നൊമ്പരങ്ങൾ
അരുതാത്തതു കാൺകവേ
ദുർഗ്ഗയായ് മാറീടുമെങ്കിലും
എന്നും ക്ഷമ തൻ കോടതിയാകുവാൻ
ആ സ്വാന്തനം മാത്രം നിസ്വാർത്ഥകം ..

പദനിസ്വനങ്ങൾ

കിനാവിന്റെ തീരത്തു നിന്നും
തുഴഞ്ഞു വന്നൊരു കളിവള്ളം
മുത്തുചിപ്പികളാൽ നിറയവേ
പവിഴപ്പുറ്റുകൾ അടർന്നു വീണുവോ
പവിഴമല്ലികൾ കൊഴിയവേ
പൂപ്പാലികയൊരുങ്ങിയോ
നറുമണം പകർന്നേകി
രാവിനെ വരവേൽക്കയോ
ഇടറിയ പദനിസ്വനങ്ങൾ
അകലുന്നതറിയവേ
വിതുമ്പുകയായോ മനം
ആരാരുമറിയാതെ..

യാത്രയായ്...


മഞ്ഞിൻ ചുംബനമേറ്റുറങ്ങും
പൂവിനെ തൊട്ടുണർത്തുവാൻ
എത്തി നോക്കും സൂര്യകിരണങ്ങൾ
മഴ മേഘങ്ങളിലൊളിച്ചുവോ
അമ്പലമുറ്റത്തെ അരയാൽ ചില്ലകൾ
അഷ്ടപദി കേട്ടുണരവേ
തീർത്ഥക്കുളങ്ങളാൽ ഈറനണിയുവതില്ലയോ
ഉച്ചിയിൽ സൂര്യൻ ജ്വലിച്ചു നിൽക്കവേ
പുഴതൻ ഓളങ്ങളുമായ് കിന്നാരമോതിയോ
പടവരമ്പത്ത് കറ്റകൾ കൊയ്യുവാൻ
പച്ചപനംതത്തയും വന്നണഞ്ഞുവോ
പാടി പതിഞ്ഞൊരു പാട്ടിനീണവുമായ്
സാന്ധ്യ രാഗം മൂളുവതാരോ
കടലിന്നഗാധതയിലാഴും സൂര്യനെനോക്കി 
അലതല്ലും സങ്കട തിരകളുമായ്
പകലിൻ നോവുകൾ പകർന്നേകും
ചെഞ്ചോര ചുവപ്പാർന്ന സന്ധ്യേ
നക്ഷത്ര കുഞ്ഞുങ്ങൾ കൺചിമ്മും
രാവിൻ മടിയിലുറങ്ങീടാൻ
പവിഴമല്ലിപ്പൂവിൻ സുഗന്ധവുമായ്
രാജവീഥികളിൽ യാത്രയായോ...

നൊമ്പരപ്പൂവായ്

:
പെയ്തൊഴിഞ്ഞ മഴത്തുള്ളികൾ
കടംവാങ്ങിയ കണ്ണീരുപ്പിൽ
മുങ്ങിയൊഴുകിയ കരിയിലകൾ
തീരം തേടി അലയുകയായ്
കരകാണാക്കടലിന്നലകളിൽ
അലയുമീ ജീവിത തോണിയിൽ
പങ്കായമില്ലാതൊഴുകവേ
തീരമകലെ കാണുവാനാകുന്നുവോ
വെയിലേറ്റു വാടിയ തളിരിലകളിൽ
ജീവജലമേകുവാനെത്തിയ
മഞ്ഞുതുള്ളികളിൽ അലിഞ്ഞു ചേരും
നൊമ്പരപ്പൂവായ് ഇനിയും മാറുന്നുവോ

ഋതുക്കളറിയാതെ:


കദനത്തീയിലുരുകും
മനസ്സിലേക്കിനിയും
കാണാ മഴമേഘമായ് 
പെയ്തുതീരവേ
മണ്ണിൽ നിപതിക്കുമൊരു
പൂമൊട്ടിൻ നോവിൽ
പൂമരമിനിയും
പൂക്കാതിരിക്കുമോ
ഋതുക്കൾ വഴിമാറവേ
വസന്തമകന്നുവോ
ശിശിരമെത്തും മുൻപേ
ഗ്രീഷ്മവും അകന്നുവോ
നിറകതിർ വിരിയും
വയലേലകൾ മായവേ
അതിരുകൾ തേടിടും
ജീവിതങ്ങളെവിടെ..

മണ്ണ്

:
കളിമൺ നീർകുടമുടച്ച്
അഗ്നിയെ വലംവെക്കവേ
എരിയുന്ന ചിതയേക്കാൾ 
കനലുകൾ നെഞ്ചിലാകവേ
ആറേക്കറിൽ പരതിയിട്ടും
ആറടി മണ്ണിനായ് കേഴവേ
സിമന്റിട്ടുറപ്പിച്ച ഭൂമിയിൽ
നീരൊന്നു താഴുവാനിടമില്ല
മാലിന്യങ്ങൾ നിറഞ്ഞൊരീ മണ്ണ്
പാഴ്മരുഭൂമി പോലെയത്രേ
വിത്തുകളേറെ പാകിയെന്നാകിലും
മുളപൊട്ടി ജീവനുണരുന്നുമില്ല

നെല്ലുമില്ല പുല്ലുമില്ല പാഴ്ചെടി 
ഒന്നുപോലും ഇല്ലാതിരിക്കവേ
പുഴ പോലും വഴിമാറി പോയതല്ലേ
മഴയും പെയ്യാതൊഴിഞ്ഞതല്ലേ
ജന്മമേകിയ മാതാവെന്ന പോൽ
ഈ ഭുമിയും നമുക്കമ്മയല്ലേ
ആ മടിത്തട്ടിൽ തളർന്നുറങ്ങുവാൻ
പൂഞ്ചോലയും പൂവാടിയുമേകിടാം
അരുതായ്മ നമുക്കുര ചെയ്തിടാം
കീടനാശിനികൾ തളിച്ചിടുമ്പോൾ
ഈ മണ്ണിൽ നന്മകൾ വിളഞ്ഞീടുവാൻ
നൽകിടാം ഹരിതാഭയെങ്ങും തന്നെ ..

നോവുകൾ...


മിഴിനീരുണങ്ങിയ
കവിൾത്തടങ്ങളിൽ
തഴുകിയതേതു
മുരിക്കിൻ പൂവോ
അടർന്നുവീണ
വെള്ളിക്കൊലുസ്സുകൾ
ഉരിയാടാതെ പോയ
കഥകളിനിയാരറിയും
ചതഞ്ഞരഞ്ഞൊരാ
മഷിത്തണ്ടുകളാൽ
മായ്ക്കാത്ത വരകൾ
മുറിപ്പാടായ് തീരുമോ
കങ്കണമിളകേണ്ട
കൈത്തണ്ടകളിൽ
നനുത്ത സൂചിത്തുമ്പുകൾ
ചുംബനമേകുകയായ്
പാൽമണം മാറാത്ത
ഇളം ചുണ്ടുകളിൽ
ശ്വാസമേകുവാനായ്
മായാജാലത്തിനാകുമോ
കനവു കണ്ട കൺകളിൽ
നോവിൻ സാഗരമിളകവേ
തകർന്നു പോയൊരാ
അമ്മ മനമറിയുന്നുവോ...

വിജനതയിൽ ..

വിജനമാം വഴികളിൽ
വിഹ്വലതയോടലയവേ
നീറുമിടനെഞ്ചിലെന്നും
മഞ്ഞുകണമായലിഞ്ഞുവോ
തീരമറിയാതെ ചുംബനമേകും
തിരകൾക്കറിയുമോ
ചേതനയകന്നൊരു
മനസ്സിൻ നോവുകൾ
സ്വപ്നങ്ങൾ നഷ്ടമായ്
ഉഴറുന്ന ജീവനുകളിൽ
അഗ്നിപകരും വികാരമായ്
പുതുജീവനേകിയോ
ആഴക്കടലിന്നഗാധതയിൽ
സ്ന്നിഗ്ദ്ധമാം ശംഖൊലിയായ്
ചിപ്പിക്കുള്ളിലൊളിച്ച
മുത്തായ് ചേർന്നലിഞ്ഞുവോ...

ദേവദൂതരായ്...


എന്തെന്നറിയാത്ത നൊമ്പരങ്ങളുമായ്
മനമുരുകും പ്രാർത്ഥനയുമായ്
അഴലിൻ കടലാഴങ്ങളിൽ
ഉഴറുകയായ് ജീവിതങ്ങൾ
കരയും മനസ്സിൻ സ്വാന്തനമായ്
മാലാഖമാർ ഭൂവിലവതരിച്ചു
അലിവിൻ ആത്മ സ്പർശവുമായ്
സ്നേഹസ്പർശങ്ങളേകുകയായ്
അണയും തിരികൾ തെളിയിക്കുവാൻ
വീണ്ടുമാ പ്രകാശം വിരിയിക്കുവാൻ
ജീവസ്പന്ദനം ഉയർത്തീടുവാൻ
ദേവദൂതരായ് വന്നണയുകയായ്..

നിസ്വനമായ് .

..
മരവിച്ച മനസ്സുമായ്
അടഞ്ഞ ചില്ലുവാതിലിൽ
മിഴിനീരുതിരും കണ്ണുകൾ
നിശ്ചലമായുടക്കി നിൽക്കവേ
വാതായനവിരി മെല്ലെയൊന്നുലയവേ
പിടഞ്ഞുണരും സ്പന്ദനത്തിൻ
ഉരുകി തീർന്നിടുമോയെൻ
സ്നേഹമന്ത്രണങ്ങൾ
സ്വപ്നങ്ങൾ കൊഴിഞ്ഞു വീഴും
നിലാവിന്റെ ശയ്യയിൽ
നിദ്രാവിഹീനയായ് പിടയവേ
കാതോർക്കയായൊരു നിസ്വനത്തിനായ്
പ്രാർത്ഥനാഗീതികൾ ഉരുവിടവേ
കൺമുന്നിലെത്തുന്ന ദൈവമത്രേ
ഉയിരിന്നുയിർ പകർന്നേകി
ജീവസ്പന്ദനം നൽകിടുവോർ..

കാത്തിരിപ്പുമായ്...


നൊമ്പര തീച്ചൂളയിൽ
വെന്തുരുകും മനസ്സുകളിൽ
ആശതൻ നിലാവുമായ്
പാറിയെത്തും മിന്നാമിനുങ്ങേ

കനിവിന്റെ
നിലാവെളിച്ചത്തിൽ
മിന്നുന്നതറിയാതെ
 
പോകരുതേ
മൗനമുറങ്ങും നേരം
കാലൊച്ചയൊന്നു കേൾക്കാൻ
കാതോർക്കയാണേവരും
ഇനിയുമൊരു സ്വപ്നത്തിനായ്
നിശ്ശബ്ദത തൻ നോവിൽ
പിടഞ്ഞുണരും ജീവനുകൾ
ജീവസ്പന്ദമറിയുവാൻ
കാത്തിരിക്കയാണിവിടെ..

നീലക്കുറിഞ്ഞികൾ ..

നീലക്കുറിഞ്ഞികൾ
പൂത്തതറിയാതെ
വസന്തമിനിയും
വഴിമാറി പോകുമോ
.
ഋതുകന്യകൾ 
നടനമാടവേ
രാഗവിലോലമായ്
പാടുവതാരോ

മുളംകാടുകൾ
ചൂളമടിക്കവേ
ചാമരം വീശുവാൻ
വെൺമേഘമെത്തുമോ

പൂക്കാമരകൊമ്പിൽ
കൂടൊന്നു കൂട്ടുവാൻ
കുയിലമ്മയിനിയും
ചാരത്തണയുകില്ലേ

വെയിലേറ്റു വാടിയ
തൊട്ടാവാടികളും
ഒരിറ്റു ദാഹജലത്തിനായ്
കേഴുകയാണോ...

ഋതുക്കളറിയാതെ:


കദനത്തീയിലുരുകും 

മനസ്സിലേക്കിനിയും
കാണാ മഴമേഘമായ് 
പെയ്തുതീരവേ

മണ്ണിൽ നിപതിക്കുമൊരു
പൂമൊട്ടിൻ നോവിൽ
പൂമരമിനിയും
പൂക്കാതിരിക്കുമോ

ഋതുക്കൾ വഴിമാറവേ
വസന്തമകന്നുവോ
ശിശിരമെത്തും മുൻപേ
ഗ്രീഷ്മവും അകന്നുവോ

നിറകതിർ വിരിയും
വയലേലകൾ മായവേ
അതിരുകൾ തേടിടും
ജീവിതങ്ങളെവിടെ..

മയിൽപ്പീലിയായ്...



മൗനനൊമ്പരത്തിൻ

ചിറകുകൾ ഒതുക്കി
പറന്നകന്നുവോയെൻ
വാനമ്പാടീ നീയിനിയും

തൂവൽ പൊഴിഞ്ഞതറിയാതെ
പറന്നുയരുന്നുവോ
വാത്മീകത്തിനുള്ളിലിന്നും
തപം ചെയ്യുകയാണോ

മൗലിയിൽ ചാർത്തിടും
മയിൽപ്പീലിയായെന്നും
കണ്ണാ നിന്നിലെന്നും
അലിഞ്ഞു ചേർന്നിടാം.

വാചാലമായ്...



മൂകമാം നിമിഷങ്ങൾ 

വാചാലമേറി മിഴിനീരടരുവാൻ 
വിതുമ്പി നിൽക്കവേ 
അറിയാതെ പോയതേതു നൊമ്പരം.. 

മൗന വാത്മീകത്തിൽ തൂവൽ കൊഴിഞ്ഞൊരു 

പക്ഷിയായ് പറന്നുയരുവാനാകാതെ 
വെയിലേറ്റു വാടിത്തളർന്നും മഴയേറ്റു തണുത്തുറഞ്ഞും 
കേഴുമാ വാനമ്പാടിയേതോ... 

അഴലുകളെല്ലാം വാരിപ്പുതച്ച് അണയാത്ത കനലുകൾ 

നെഞ്ചിൽ നിറച്ചെന്നും മുഗ്ദമാം പുഞ്ചിരിയാൽ 
സ്നിഗ്ദമാം മനസ്സിനെ മായാമയൂരമായ് 
മാറ്റുവതെങ്ങിനെ 

പച്ചിലച്ചാർത്തിൽ പൂത്തുവിരിഞ്ഞൊരു 
നറുമലരായ് മാറുന്നുവോ 
നറുനിലാവിൽ കാണാതലിയും 
നിഴൽ മാത്രമായ് തീരുന്നുവോ 

മനസ്സിൽ ഉണരും കവിതാശകലങ്ങൾ 

അർത്ഥമറിയാതെ മായുന്നുവോ 
തീരങ്ങളിൽ അലയടിക്കും തിരകളായ് 
ഇനിയും വരുകയില്ലേ..

വിരഹാഗ്നിയായ്...



ഒരു വാക്കും മിണ്ടാതെ

ഒരു നോക്കു കാണാതെ
ജീവന്റെ ജീവനായ്
തുടിക്കുവതെങ്ങിനെ

കാണാക്കിനാവുകൾ
ചിറകുകളേന്തി പറക്കവേ
കണ്ണീർതുള്ളികളെല്ലാം
കാണാമറയത്തൊളിച്ചുവോ

കരളിന്റെ നോവുകൾ
പകർന്നെടുക്കുവാൻ
ഹൃദയസ്പന്ദനമായ്
നിന്നിലലിഞ്ഞതല്ലേ

ഹൃദ്യമായ് തീർന്നൊരു
സൗഹൃദസ്പർശനം
പുതുജീവനേകിടും
സ്നേഹമായതല്ലയോ

അകലെയാകിലുമെന്നും
സ്വരമായണയുകയില്ലേ
ഈ വിരഹാഗ്നിയാലുരുകും
ജീവസ്പന്ദമറിയുവതില്ലേ..

വനമാലി...



കിന്നാരം ചൊല്ലുമീ കാറ്റിനാൽ

പരിരംഭണത്തിൻ നിർവൃതിയേകി
കാണാമറയത്തൊളിക്കുമീ
പ്രണയപരാഗങ്ങളെവിടെ
[
വ്രീളാവിവശയാം രാധയെന്നും
ഗോപകുമാരന്നരികിലെത്താൻ
അനുപമ പ്രേമത്തിലലിയവേ
കാതോർത്തിരിപ്പതാ വേണുഗാനം
[
പാതിമെയ് പകർന്നേകി
അർദ്ധനാരീശ്വര നാകവേ
അനുരാഗലോല ഗാത്രനായ്
മുഗ്ദ്ധാനുരാഗം പകർന്നീടുമോ..

മയിൽപ്പീലിയൊന്നായ് നിരത്തവേ
വനമാലിയായ് തീരുന്നുവോ
യദുകുലമൊന്നായ് ഉണരവേ
മുരളികയിനിയും കേൾക്കുവതല്ലേ ...

രാഗമാലികയായ്.

..

ഹൃദയമുരുകി കരഞ്ഞെന്നാലും

നോവുകളറിയാതെ പോകയല്ലയോ
കണ്ണീർ കയത്തിൽ മുങ്ങിയെന്നാകിലും
ദാഹജലം തേടുവതല്ലയോ

കാരുണ്യമെന്നും നൽകീടുവാൻ
ആരു മേയല്ലെന്നറിഞ്ഞതില്ലയോ
കാണാക്കിനാവിൻ തൂവെളിച്ചമായ്
അകന്നു പോകുവതെന്തിനായ് 

മുറിവേറ്റു പിടഞ്ഞൊരു ഹൃത്തടത്തിൽ
രാഗമാലികയിനിയുമുണരുമോ
നോവിൻ ചിതയിൽ പിടയുമ്പോൾ
ഉരുകുമുള്ളം പിന്നെയും തേങ്ങുന്നുവോ

കരളുരുകി കരയവേ
കാണാതെ പോകുവതെന്തേ
എൻ കണ്ണാ
മഞ്ചാടിമണികളുമായ്
നിനക്കായ് കാത്തിരിപ്പതല്ലേ
പരിഭവമില്ലാതെ
പരിദേവനമില്ലാതെ
നിന്നോടക്കുഴൽ വിളി കേൾക്കാൻ കാത്തിരിപ്പൂ..
Manage

സ്വന്തനമായ്


 ..

നിശ്ചലമാം തന്ത്രികളിൽ

രാഗമുണർത്തുവാനെത്തിയ
ഗന്ധർവ്വ രാജകുമാരാ
പോകുവതെങ്ങു നീ

ഗാന കല്ലോലിനിയിൽ
ഉണരുവാൻ മനമൊരുങ്ങവേ
താളം നിലയ്ക്കാത്ത
തംബുരുവായ് തീരുമോ

മൗനമുറങ്ങും നിശയിൽ
മന്ത്രമോതുന്ന പോലെന്നും
താരാട്ടിനീണവുമായ്
സ്വാന്തനമേവുകയല്ലേ...

നൊമ്പരക്കടൽ..

.അറിയാതെ പോയൊരു
നൊമ്പരക്കടലിൽ
പങ്കായമില്ലാത്ത
തോണിയിലലയവേ
തീരം കാണാതുഴറവേ
ഏകയായതറിയവേ
വേനൽമഴയിലൂടെ
തീരം കാണാതലയുകയായ്
ഇനിയില്ലയെൻ
മുന്നിലൊരു ദിനമായ്
സ്വപ്നങ്ങൾ കൊണ്ടൊരു
കൂടൊരുക്കാൻ 
ഹൃത്തടത്തിൽ നിന്നുയർന്നൊരു
തേങ്ങലലയടിക്കവേ
കാഴ്ചകൾ മറഞ്ഞൊരാ
കണ്ണീർ തുള്ളികൾ ഇറ്റുവീഴവേ
മൗനത്തിലഭയം തേടും
മോഹങ്ങൾ തളർന്നീടവേ
പ്രണയ നൊമ്പരമായ്
അകന്നു പോയതെന്തിനോ
നോവിന്നലയിൽ തകർന്നീടവേ
വ്യർത്ഥമോഹങ്ങൾ ബാക്കിയായി
ഇനിയുമീ തീരാനോവിൽ
അലിഞ്ഞു തീർന്നിടട്ടെയെൻ സ്വപ്നം...

മന്ത്രധ്വനിയായ്

തുടിക്കുമൊരു ഹൃദയത്തിൻ 
സ്പന്ദനമറിയാതെ പോകവേ
നിലയ്ക്കുമൊരു ജീവിതത്തിൻ
കഥയില്ലാതാകുമോ


തൂമഞ്ഞുതുള്ളിയൊന്നു
വെയിൽ നാളത്താലലിയവേ
ഹൃത്തടത്തിൻ നോവുകൾ
അലിഞ്ഞു തീരുമോ


വാചാലമായ മൗനങ്ങളെന്നും
മൂകാനുരാഗത്തിൻ ഗാനം മൂളുമോ
പൂത്താങ്കീരി കണക്കെന്നും
വാചാലയായ് തീരുകയില്ലേ


കരളിൽ വിരിഞ്ഞ സ്വപ്നങ്ങൾ
കണ്ണിൽ പൂത്തു നിൽക്കവേ
മന്ത്രധ്വനിയായ് ഉരുവിട്ടതൊക്കെയും
സ്നേഹ മർമരമായതല്ലേ..

ചിത....



കനലുകൾ പുകയുന്ന 

മനസ്സിൻ നെരിപ്പോടിനാൽ 
നഷ്ടസ്വപ്നങ്ങൾക്കായ് 
ചിതയൊരുക്കവേ

വ്യർത്ഥമാം ജല്പനങ്ങൾ 
മന്ത്രധ്വനിയാകവേ 
അടരുന്ന കണ്ണീരിൽ 
മനഃശുദ്ധിയേകിടുമോ

ദർഭ തൻ ശയ്യയിൽ 
കറുകയും തുളസിയും 
പൂക്കളായ് മാറവേ
കർമ്മമായ് തീരുമോ

ഉരുകും മനസ്സിൻ 
നോവുകളെന്നും 
നിറപുഞ്ചിരിയാം 
മൂടുപടമണിയവേ

അഴലിന്നാഴങ്ങളിൽ 
കരകാണാതലയും 
ജീവന്റെ തുടിപ്പുകൾ 
അറിയുവതില്ലേ

ജന്മസാഫല്യമേകാതെ 
അടരും ജീവനുകൾക്കായ് 
മൃദുല സ്വപ്‌നങ്ങൾ തൻ 
ചിതയൊരുക്കുന്നുവോ ...
Manage

മറവി


ഓർമ്മകൾ പിച്ചവെയ്ക്കും 

നടുമുറ്റത്തു തളിരിട്ടൊരു 
കൃഷ്ണതുളസി നാമ്പുകൾ 
കൃഷ്ണപാദത്തിങ്കലർപ്പിക്കവേ

നാമപദങ്ങൾ ഉയർന്നീടും 
സന്ധ്യാദീപവേളയിൽ 
കാവിനുള്ളിലൊരു 
അന്തിത്തിരി കാണ്മതില്ലേ 

നക്ഷത്രക്കുഞ്ഞുങ്ങൾക്കായ് 
കഥയൊന്നുര ചെയ്യവേ 
ഇത്തിരി നുറുങ്ങുവെട്ടവുമായ്
മിന്നാമിനുങ്ങു പാറിയതെന്തേ 

നൂറും പാലും നൽകുവാനില്ലാതെ 
ആയില്യ പൂജ മുടങ്ങീടവേ 
നാഗക്കളമൊരുക്കി വെച്ചു 
നാവേറ് പാടുവതെന്തിനായ്

മറന്നു പോയ ചിന്തുകളിനിയും 
പാടി പകരുവാനാകാതെ 
മൂകമായ് കേഴുമൊരു 
പുള്ളോർക്കുടമായതെന്തേ

ഓർമ്മകൾതൻ തിരിനാളം 
അണഞ്ഞു പോയ കൂരിരുളിൽ 
ഉണ്മകൾ തൻ നോവറിയവേ
മറവി തൻ മാറാലയാൽ മൂടിടട്ടെ...
Manage