Tuesday, July 10, 2018

ഓംകാരമായ്...


കൃഷ്ണ തുളസിയായ്
തീരുവാൻ മോഹിച്ചു
കാൽത്തളിരിണയിൽ
പൂജാപുഷ്പമായീടുവാൻ
ഓംകാര നാദമായീടുകിൽ
നാമാർച്ചന നൽകീടാം
മുരളികയായ് തീരുമെങ്കിൽ
ചുണ്ടിണകളാൽ മുദ്രണമായേനെ
തുലാഭാരമേറിടുമ്പോൾ
തൂവെണ്ണയിലലിഞ്ഞിടട്ടെ
സന്ധ്യാ ദീപം തെളിഞ്ഞുമ്പോൾ
നാമസങ്കീർത്തനമായിടട്ടെ ...

നന്മയായ് ..

നന്മയ്ക്കു പകരമെൻ
അമ്മയെന്നോതുകിൽ
അതിശയമില്ല തെല്ലുമേ
എന്നുംസ്നേഹമാണെന്നമ്മ
ആദ്യാക്ഷരം കുറിച്ചൊരു
വിരൽ തുമ്പിനാലെന്നും
കണ്ണീരണിയും കവിൾതടങ്ങൾ
തഴുകി തലോടവേ
ഇടറി വീഴും നിമിഷങ്ങളിൽ
താങ്ങായരികിലെത്തവേ
ആ നെഞ്ചിലൊന്നു തലചായ്ക്കവേ
ഉരുകി തീരുവതെൻ നൊമ്പരങ്ങൾ
അരുതാത്തതു കാൺകവേ
ദുർഗ്ഗയായ് മാറീടുമെങ്കിലും
എന്നും ക്ഷമ തൻ കോടതിയാകുവാൻ
ആ സ്വാന്തനം മാത്രം നിസ്വാർത്ഥകം ..

പദനിസ്വനങ്ങൾ

കിനാവിന്റെ തീരത്തു നിന്നും
തുഴഞ്ഞു വന്നൊരു കളിവള്ളം
മുത്തുചിപ്പികളാൽ നിറയവേ
പവിഴപ്പുറ്റുകൾ അടർന്നു വീണുവോ
പവിഴമല്ലികൾ കൊഴിയവേ
പൂപ്പാലികയൊരുങ്ങിയോ
നറുമണം പകർന്നേകി
രാവിനെ വരവേൽക്കയോ
ഇടറിയ പദനിസ്വനങ്ങൾ
അകലുന്നതറിയവേ
വിതുമ്പുകയായോ മനം
ആരാരുമറിയാതെ..

യാത്രയായ്...


മഞ്ഞിൻ ചുംബനമേറ്റുറങ്ങും
പൂവിനെ തൊട്ടുണർത്തുവാൻ
എത്തി നോക്കും സൂര്യകിരണങ്ങൾ
മഴ മേഘങ്ങളിലൊളിച്ചുവോ
അമ്പലമുറ്റത്തെ അരയാൽ ചില്ലകൾ
അഷ്ടപദി കേട്ടുണരവേ
തീർത്ഥക്കുളങ്ങളാൽ ഈറനണിയുവതില്ലയോ
ഉച്ചിയിൽ സൂര്യൻ ജ്വലിച്ചു നിൽക്കവേ
പുഴതൻ ഓളങ്ങളുമായ് കിന്നാരമോതിയോ
പടവരമ്പത്ത് കറ്റകൾ കൊയ്യുവാൻ
പച്ചപനംതത്തയും വന്നണഞ്ഞുവോ
പാടി പതിഞ്ഞൊരു പാട്ടിനീണവുമായ്
സാന്ധ്യ രാഗം മൂളുവതാരോ
കടലിന്നഗാധതയിലാഴും സൂര്യനെനോക്കി 
അലതല്ലും സങ്കട തിരകളുമായ്
പകലിൻ നോവുകൾ പകർന്നേകും
ചെഞ്ചോര ചുവപ്പാർന്ന സന്ധ്യേ
നക്ഷത്ര കുഞ്ഞുങ്ങൾ കൺചിമ്മും
രാവിൻ മടിയിലുറങ്ങീടാൻ
പവിഴമല്ലിപ്പൂവിൻ സുഗന്ധവുമായ്
രാജവീഥികളിൽ യാത്രയായോ...

നൊമ്പരപ്പൂവായ്

:
പെയ്തൊഴിഞ്ഞ മഴത്തുള്ളികൾ
കടംവാങ്ങിയ കണ്ണീരുപ്പിൽ
മുങ്ങിയൊഴുകിയ കരിയിലകൾ
തീരം തേടി അലയുകയായ്
കരകാണാക്കടലിന്നലകളിൽ
അലയുമീ ജീവിത തോണിയിൽ
പങ്കായമില്ലാതൊഴുകവേ
തീരമകലെ കാണുവാനാകുന്നുവോ
വെയിലേറ്റു വാടിയ തളിരിലകളിൽ
ജീവജലമേകുവാനെത്തിയ
മഞ്ഞുതുള്ളികളിൽ അലിഞ്ഞു ചേരും
നൊമ്പരപ്പൂവായ് ഇനിയും മാറുന്നുവോ

ഋതുക്കളറിയാതെ:


കദനത്തീയിലുരുകും
മനസ്സിലേക്കിനിയും
കാണാ മഴമേഘമായ് 
പെയ്തുതീരവേ
മണ്ണിൽ നിപതിക്കുമൊരു
പൂമൊട്ടിൻ നോവിൽ
പൂമരമിനിയും
പൂക്കാതിരിക്കുമോ
ഋതുക്കൾ വഴിമാറവേ
വസന്തമകന്നുവോ
ശിശിരമെത്തും മുൻപേ
ഗ്രീഷ്മവും അകന്നുവോ
നിറകതിർ വിരിയും
വയലേലകൾ മായവേ
അതിരുകൾ തേടിടും
ജീവിതങ്ങളെവിടെ..

മണ്ണ്

:
കളിമൺ നീർകുടമുടച്ച്
അഗ്നിയെ വലംവെക്കവേ
എരിയുന്ന ചിതയേക്കാൾ 
കനലുകൾ നെഞ്ചിലാകവേ
ആറേക്കറിൽ പരതിയിട്ടും
ആറടി മണ്ണിനായ് കേഴവേ
സിമന്റിട്ടുറപ്പിച്ച ഭൂമിയിൽ
നീരൊന്നു താഴുവാനിടമില്ല
മാലിന്യങ്ങൾ നിറഞ്ഞൊരീ മണ്ണ്
പാഴ്മരുഭൂമി പോലെയത്രേ
വിത്തുകളേറെ പാകിയെന്നാകിലും
മുളപൊട്ടി ജീവനുണരുന്നുമില്ല

നെല്ലുമില്ല പുല്ലുമില്ല പാഴ്ചെടി 
ഒന്നുപോലും ഇല്ലാതിരിക്കവേ
പുഴ പോലും വഴിമാറി പോയതല്ലേ
മഴയും പെയ്യാതൊഴിഞ്ഞതല്ലേ
ജന്മമേകിയ മാതാവെന്ന പോൽ
ഈ ഭുമിയും നമുക്കമ്മയല്ലേ
ആ മടിത്തട്ടിൽ തളർന്നുറങ്ങുവാൻ
പൂഞ്ചോലയും പൂവാടിയുമേകിടാം
അരുതായ്മ നമുക്കുര ചെയ്തിടാം
കീടനാശിനികൾ തളിച്ചിടുമ്പോൾ
ഈ മണ്ണിൽ നന്മകൾ വിളഞ്ഞീടുവാൻ
നൽകിടാം ഹരിതാഭയെങ്ങും തന്നെ ..