Sunday, December 25, 2016

കണ്ണനായ്....



കാത്തിരിപ്പൂ ഞാനിവിടെ
കണ്ണാ നീയെന്നരികിലെത്താൻ
രാഗവിലോലയാം രാധയായ്
കാതോർക്കയായ് നിൻ കാലൊച്ച കേൾക്കുവാൻ

യദുകുലമുണരും വേണുഗാനത്തിനായ്
യമുന തീരത്തുയിർകൊള്ളുവാൻ
തുളസീമാലയായ് നിന്നെ പുണരുവാൻ
ഇനിയൊരു ജന്മം തന്നീടുമോ

ഓടക്കുഴലായ്‌ മാറിയെങ്കിൽ
നിന്നധരപുടങ്ങളിൽ  തപസ്സിരിക്കാം
പൊന്നിൻ കിങ്ങിണിയായ് തീർക്കുമെങ്കിൽ
അരമണിയായ് പതിഞ്ഞു ചേരാം

അഴലിന്റെ ആഴങ്ങളിൽ നിപതിച്ചാൽ
കനിവിന്റെ നിറവുമായ്‌ അരികിലിലെത്താൻ
ഹൃദയമുരളികയിൽ ഗാനമുയരുമ്പോൾ
രാഗമാലികയായ് നീയണയുകില്ലേ....

മുരളീഗാനത്തിൽ...



മുരളികയൂതും ചെഞ്ചൊടികളിൽ
നറുപുഞ്ചിരി എനിക്കായ് വിടരവേ
കർണ്ണപീയൂഷമാം വേണുഗാനത്തിൽ
കാതരയായ ഞാനുലഞ്ഞുപോയ്

ശ്രീലകം മുന്നിൽ തൊഴുതു നിൽക്കവേ
കാണുന്നുവെന്നുമാ കള്ളനോട്ടം
നാരുതുളസിക്കതിരായ് ജനിക്കുമെങ്കിൽ
തൃ ചേവടികളിൽ തപസ്സിരിക്കാം

വിശക്കുമ്പോൾ അമൃതേത്തു് നൽകുവാൻ
തൂവെണ്ണ കൈനിറയെ നൽകേറ്റാം
നിർമ്മാല്യ ദർശനത്തിനായിരം കാത്തിരിക്കവേ
മയിൽപീലിത്തുണ്ടുമായ് ഞാനിരിക്കാം

കൊഞ്ചികളിക്കും ഉണ്ണികൾക്കായി
മഞ്ചാടിമണികൾ വാരിയെടുക്കാം
തഞ്ചത്തിലൊന്നു നോക്കിയെന്നാൽ
നെഞ്ചകത്തിലെത്തുന്നതാ കള്ളച്ചിരി മാത്രം .....

Sunday, October 23, 2016

നൂപുരധ്വനി..



കണ്ണിലൂറിയ നനവ്
കണ്ണീരെന്നറിയാതെ
മഴത്തുള്ളിയൊഴുകി
നനവാർന്നെന്നോർക്കവേ

അരുതാത്ത ചിന്തയിൽ
വേവും മനസ്സിനെ
തഴുകി താലോലിക്കാൻ
അരികിലണഞ്ഞുവോ

ഉരുകും മനസ്സിൻ
നോവുകൾ പകർന്ന്
നിലാവലയെന്ന പോൽ
മന്ദമാരുതനായണഞ്ഞുവോ

ദീപം തേടും വെളിച്ചമായ്
ഇരുളിലെ തെളിനാളമായ്
ഇറ്റുവീഴും മഴതുള്ളിയായ്
കുളിർ പകർന്നേകുമോ

നിശയുടെ ഇരുളിൽ
കാത്തിരിപ്പിൻ കാലമേറി
ഗന്ധർവ ഗാനം നുകരുവാൻ
കാതോർത്തിരിക്കയായ്

സ്വരരാഗ തന്ത്രികളിൽ
അനുരാഗ ഗാനം മീട്ടുവാൻ
കായാമ്പൂ വർണ്ണനായ്
കാളിന്ദീ തീരം പുൽകിയോ

ഉണരാൻ മറന്നൊരു
നൂപുരം  ചിലമ്പുവാൻ
താളലയമുയർത്തും
മൃദംഗധ്വനിയായ് തീരുമോ....

പ്രണയോപഹാരം

പ്രണയോപഹാരം....

ഈറൻ നിലാവലയിൽ 
നിഴലുകൾ ഊയലാടവേ 
പ്രണയാർദ്രമാം മിഴികളിൽ 
നക്ഷത്രം പൂത്തിറങ്ങിയോ 

മധുവൂറും ചുണ്ടിണയിൽ 
പ്രണയോപഹാരം പകർന്നുവോ 
സ്നിഗ്ദമാം തളിർ മേനിയിൽ 
തൂവൽ സ്പർശമായ് മാറിയോ 

അകതാരിൽ വിരിയുമൊരു 
കവിതയായ് തീർന്നുവോ 
നെടുവീർപ്പുകൾ പകർന്നേകി 
സ്വപ്നക്കൂടാരമൊരുക്കിയോ 

തൂവാനത്തുമ്പിയായ് 
പറന്നുയരാൻ മോഹിച്ചുവോ 
നഖക്ഷതമേൽപ്പിക്കാതെ 
തിരുമുറിവുകൾ നൽകിയോ

ഭൂവിലുണരും സ്വർലോകമായ് 
പൂങ്കാവനം ഉണർന്നുവോ.,...

Friday, April 29, 2016

ലഹരിയായ്



ചിതറിത്തെറിച്ചൊരു മഴത്തുള്ളിയായ്
ഉടലാകെ പൊതിയുന്നൊരു നനവായ്
ഒഴുകിയിറങ്ങും ജലകണമേ
കത്തിജ്വലിക്കും നോവിന്റെ വേവിൽ
എന്നിൽ എരിയുന്ന ലഹരിയിൽ
നീ മാഞ്ഞു പോകുവതെങ്ങിനെ

നിശയുടെ മാന്ത്രികതയിൽ
നിലാവിന്റെ പരിരംഭണത്തിൽ
പതഞ്ഞു പൊങ്ങും മധുചഷകമോ
എന്നിലെ ചുംബനതീഷ്ണതയോ
നിന്നിലൊരു ലഹരിയായ് പടരുവാൻ
മോഹമോടെ മാടി വിളിക്കുന്നു

കണ്ണൊന്നു ചിമ്മിയാൽ കാണുന്നതെങ്ങും
ദുരിതക്കയത്തിൻ കാണാകാഴ്ചകൾ
കാതോർത്തിടുകിൽ കേൾക്കുവതെങ്ങും
നോവിൽ പിടയും പ്രാണരോദനങ്ങൾ
എന്നിട്ടുമീ ജീവിത സത്യത്തെ ലഹരിയായ്
ഉള്ളിൽ താരാട്ടുമീ ജീവിത നൊമ്പരങ്ങൾ

പൊയ്പോയ ബാല്യവും കൗമാര കുതൂഹലതയും
വീണ്ടുമൊരിക്കൽ കൈവന്നീടുകിൽ
ജീവിതമൊരു ലഹരിയായ് നുകർന്നീടുവാൻ
മടിക്കുകില്ലൊരു മർത്ത്യനുമിവിടെ
നല്ല നാളേയ്ക്കായ് കരുതിവെച്ചിടാം
നമുക്കൊന്നായൊരു ജീവിത മധുചഷകം...

Sunday, April 10, 2016

വിദ്യതൻ മഹത്വമായ്



അറിവിന്നക്ഷരം പകർന്നേകവേ
അവിവേകമെന്തെന്നതറിയാതെ
അക്ഷരപൂക്കളം ചിതറി വീഴ്ത്തി
അവഹേളനമേറ്റൊരു ഗുരുപാദം
അറിയാതെ പോലും ശപിക്കില്ലൊരു
അനർഹരാം ശിഷ്യഗണങ്ങളിലാരെയും
 
അടർന്നു വീഴും കണ്ണുനീർതുള്ളികൾ
അറിവിൻ മഹത്വം കാത്തുരക്ഷിക്കയായ്
കലാപമുയരും കലാലയത്തിൽ
സ്തുതിപാഠകമേറ്റു ചൊല്ലാതെ
നിണച്ചാലുകളൊഴുക്കാതെ
അമ്മതൻ നോവുമായ് കാത്തതെന്തിനായ്

പിഴച്ചു പോകട്ടെയെന്നു നിനയ്ക്കുകിൽ
ഉദകക്രിയയ്ക്കായ് നാക്കിലയൊരുക്കി
കണ്ണീരണിയും ജന്മങ്ങളെത്രയെന്നോർക്കവേ
സമാധിയൊരുക്കിയവർക്കായ് നിശ്ശബ്ദമായ്
നന്മനേരും മനസ്സുമായ് പടിയിറങ്ങവേ
വിദ്യയെന്തിനെന്നു ചോദിച്ചു പോകയായ് ..

Monday, March 28, 2016

വേനൽ..



എരിയുന്ന വേനലിൽ 
പൊരിയുന്ന ഭൂവിനായ് 
ഒരു നീർക്കുടം ഉടഞ്ഞീടവേ 
ഒരു ജീവനാളവും അണയുകയായ് 

നിറമേകിയ  സ്വപ്‌നങ്ങൾ
നിണമണിഞ്ഞ ഓർമ്മകളായ് 
വരണ്ടുണങ്ങിയ മനസ്സുകളിൽ 
വേനൽമഴയായ് പെയ്യുകയായ് 

തളിരിട്ട നാമ്പുകൾ കരിയുമ്പോൾ 
വേരറ്റുവീഴുമീ വന്മരങ്ങൾ,
ദാഹാർത്തയാം വേഴാമ്പലും 
ഉരുകുന്ന പ്രാണനാൽ പിടയുകയായ് 

കളിവഞ്ചിയൊന്നു തുഴഞ്ഞു പോകാൻ 
ഒഴുകുന്ന പുഴയില്ല ഓളവുമില്ല,
മണൽക്കാറ്റു മാത്രം വീശിയെത്തുമ്പോൾ 
കണ്ണീരണിഞ്ഞതു കരടിനാലല്ല 

ചുറ്റോടു ചുറ്റിനും നോക്കുന്നേരം 
പിടയുന്ന മനസ്സിനെ സ്വാന്ത്വനിപ്പിക്കാൻ 
തൈമാവിൽ ചില്ലകൾ തലയാട്ടി നില്ക്കവേ 
കാത്തിരിക്കയാണൊരു മാമ്പൂ കാണുവാൻ ..

Thursday, January 14, 2016

ഓർമകളായ് ...



മലരായ് വിരിയും ഓർമ്മകളേ

നറുമണം പകർന്നേകിയോ
എത്രമേൽ മോഹിക്കുമെങ്കിലും
കൈവരില്ലിനിയീ നാളുകളൊന്നും

മാഞ്ഞുപോയൊരനുഭൂതി തൻ
നിർവൃതി പകർന്നേകും
അരുമയാം സ്വപ്‌നങ്ങൾ
ചിതറിത്തെറിച്ച മഞ്ചാടിയായ്

മറന്നു പോയ മൊഴികളും
മാഞ്ഞുപോയ ചിരിയും
അലിഞ്ഞുചേർന്ന മഞ്ഞുപോൽ
കാണാമറയത്തൊളിച്ചുവോ

മഴയായ് പെയ്തലിയുമ്പോൾ
പുഴയായ് ഒഴുകിയെത്തീടാം
കാറ്റായ് തഴുകിയുണർത്തവേ
ജീവസ്പന്ദമായ് തുടിച്ചുയരാം ...