Sunday, April 26, 2015

പൂരം വരവായി...



തൃശ്ശിവപേരൂരിൻ
നടുമുറ്റം  വാഴും
വടക്കുന്നാഥൻ തൻ
തിരുമുമ്പിൽ
കാഴ്ചയുമായെത്തും
ദേവഗണങ്ങൾക്കായ്
കൊടിയേറും പൂരം
വന്നണയുകയായ്

മേളത്തിൻ
അകമ്പടിയുമായ്
ഗജരാജപ്പുറമേറി
ദേവതകളണയുകയായ്

തിരുവമ്പാടികണ്ണന്റെ
കോലത്തിന്മേലേറി
ദേവിയെഴുന്നള്ളും
മഠത്തിൽവരവിനായ്
പഞ്ചവാദ്യപ്പെരുമയിൽ
പുരുഷാരമുണരുകയായ്

പാറമേക്കാവിലമ്മ
വണങ്ങുവാനെത്തവേ
ഇലഞ്ഞിത്തറമേളത്തിൽ
അലിഞ്ഞു ചേരും
നാടും നഗരവുമൊന്നായ്
ചേർന്നിറങ്ങുകയായ്

ചെങ്കതിരുകൾ വീശും
സൂര്യപ്രഭയിൽ
തെക്കോട്ടിറക്കവുമായ് 
ആലവട്ടം വെഞ്ചാമരം
മുത്തുക്കുടകളുമായ്
ഗജരാജർ വരികയായ്

കണ്ണിനും കാതിനും
ഇമ്പമേറും മേളവുമായ്
വർണ്ണപ്പകിട്ടേറിയ
കുടമാറ്റമരങ്ങേറവേ
സർവ്വചരാചരങ്ങളൊന്നായ്
ആവാഹിച്ചാസ്വദിക്കയായ്

കാഴ്ചകളൊന്നായ്
കണ്ടു നടക്കവേ
വർണ്ണങ്ങളൊന്നൊന്നായ്
പൂത്തു വിടരവേ
മാനത്തെ പൂരവും
മനം കവരുകയായ്

പൂരം നാളിൽ
കാണാത്ത പൂരത്തിനായ്
പകലൊന്നു പിന്നെയും
മേളമോടെ വരവായ്
ഉപചാരം ചൊല്ലി പിരിയുവാൻ
മുഖാമുഖം കണ്ടുനിൽക്കാം

പകൽപ്പൂരത്തിനായെത്തും
മാലോകർ തൻ
ആവേശത്തിന്നറുതിയായ്
വരും വർഷമിനിയും
കാണാമെന്നുപചാരവുമായ്
വിട ചൊല്ലി പിരിയുകയായ്

Saturday, April 18, 2015

ദേവഗീതമായ് ...



ദേവസംഗീതമെന്നിൽ
പടർന്നു നിറയവേ
നന്ദനവനിയിലെൻ
ജീവനുണരുകയായ്

ഹരിഗോവിന്ദത്തിലെൻ
ഹൃദയമുണരവേ
താരപഥമെന്നിൽ
നക്ഷത്രകുഞ്ഞുങ്ങളായ്

നിറച്ചാർത്തായ്
തെളിഞ്ഞൊരോർമ്മയിൽ
ദിവ്യമാമോരനുരാഗം
പൂവായ് വിരിയുകയായ്

വിരിയാതെ പോയൊരു
പൂമൊട്ടിനുള്ളീൽ
അലിഞ്ഞു ചേരും
തേൻകണമായലിയുകയായ്

നിറഞ്ഞു തുളുമ്പും
കണ്ണുനീരൊഴുക്കാതെ
നിലാവലപോലെന്നിൽ
തെളിഞ്ഞു നില്ക്കയായ്

കനവുകൾ നെയ്തൊരു
മോഹകമ്പളത്തിൽ
കാണിക്കയായ് മാറിയ
സ്നേഹം തിളങ്ങുകയായ്

ജീവശ്വാസമായെന്നിൽ
സ്പന്ദിക്കും നിമിഷത്തിൽ
അതിരുകളില്ലാതെ
സ്വാന്ത്വനമുണരുകയായ്..

Thursday, April 16, 2015

അഴലായ് ...


നിലാവിന്റെ തോഴിയായ്
നിശാഗന്ധികൾ പൂക്കവേ
കാവലായ് നിന്നൊരു
ഗന്ധർവ്വകിന്നരനോ

അഴലിന്റെ സ്വപ്‌നങ്ങൾ
പങ്കു വെച്ചൊരു നാൾ
കിനാവിന്റെ തീരങ്ങൾ
തേടി വന്നതെന്തിനോ

നിലയിലാ  കയത്തിൽ
നീന്തി തുടിക്കവേ
സൂര്യനെ സ്നേഹിച്ച
താമരയായ് വിടരുമോ

നിഴലുകൾക്കുമുണ്ടൊരു
സ്വപ്നമെന്നറിയാതെ
ആഴങ്ങളിൽ മയങ്ങുമൊരു
ചിപ്പിക്കുള്ളിലെ മുത്താകുമോ

മാനസപൂജയ്ക്കായ്
വന്നൊരു നാളിതിൽ
മന്ത്രമുതിരും ജപവുമായ്
പൂജാപുഷ്പമായ്   തീർന്നുവോ

പുണ്യതീർത്ഥങ്ങളിൽ
മുങ്ങി നീരാടുവാൻ
കൃഷ്ണ തുളസി കതിരായ്
പുനർജന്മമേകിയോ ....

Sunday, April 12, 2015

വിഷുക്കണി ...



ഓർമ്മകൾ തൻ
നിറച്ചാർത്തിൽ
കസവു ഞൊറിയും
കണിവെള്ളരിയും
കണിക്കൊന്ന തൻ
സ്വർണ്ണവർണവും
പൊന്നോടക്കുഴലുമായ്
ഉണ്ണിക്കണ്ണനും
ഏഴുതിരിയിട്ട
പൊൻവിളക്കും
അഷ്ടമംഗല്യ
താലത്തിലുണരും
വാൽകണ്ണാടി തൻ 
തെളിമയും
കാണിക്കയായൊരു
നാണയത്തുട്ടും
പുതുമണം മാറാത്ത
കോടിമുണ്ടും
ഒന്നിച്ചൊരുക്കിയ
വിഷുക്കണി വരവായ്...

Friday, April 10, 2015

മഴവില്ലായ്‌...



കത്തിച്ചു വെച്ചൊരു
നിലവിളക്കിൻ മുന്നിൽ
എരിഞ്ഞു തീരുകയായ്
കർപ്പൂര  നാളമായ്

കണ്ണീരുണങ്ങാത്ത
കവിൾത്തടങ്ങളിൽ
മഴത്തുള്ളിയിനിയും
അലിഞ്ഞു ചേരുന്നുവോ

കാണാതെ പോയൊരു
നോമ്പരപ്പൂവിന്റെ
തേങ്ങലുകളിനിയും
കേൾക്കാതെ പോകയോ

കരയുകയില്ല ഞാൻ
ജീവനില്ലാതെയാകിലും
കണ്ണീരണിഞ്ഞാലിനിയെൻ
ജീവനകന്നു പോകുകിൽ

ജീവന്റെ ജീവനെ
നെഞ്ചോടു ചേർക്കുവാൻ
കാത്തിരിക്കയാണെന്നും
വെറുമൊരു വേഴാമ്പലായ്

കണ്ണീർകിനാവിന്റെ
തീരത്ത് നിന്നും
നൽകിടാമെന്നുമൊരു
കൊച്ചു സ്വപ്നതീരം

താലോലിക്കുവാൻ
നീട്ടിടും കൈകളിൽ
പങ്കുവെയ്ക്കാമല്പം
സ്നേഹ തീർത്ഥം

വാനിലമ്പിളിയായ്
തെളിഞ്ഞുയരവേ
കാണാതെ പോകുമോ
ഈ തോട്ടാവാടിയെ

പുലർവെയിലായ്
ഇളം മഞ്ഞുതുള്ളിയായ്
തലോടുവാനെത്തവേ
മഴവില്ലായ്‌ മായരുതേ ...

Sunday, April 5, 2015

അറിയുവാൻ ...



നോവുകൾക്കുള്ളിൽ
മയങ്ങും മനസ്സിനെ
തൊട്ടുണർത്തി
ആരുമറിയാതെ
പ്രിയമെന്നോതി
മറഞ്ഞതെങ്ങു നീ

കാണാകിനാക്കൾ
ചിതറി വീഴവേ
വെയിലേറ്റു വാടിയ
തൊട്ടാവാടി പോൽ
കരിഞ്ഞു വീഴും
ജീവനെയറിയുമോ

മോഹഭംഗങ്ങളെ
മോഹനമാക്കിയ
അഗ്നിശുദ്ധിയാൽ
തപം ചെയ്തൊരു
സ്നേഹത്തിന്നാഴം
അറിയാതെ പോകയോ

നിഴലും നിലാവുമായ്‌
സൂര്യന്റെ താമരയായ്‌
മുല്ലവള്ളി തൻ തേന്മാവായ്
യമുന തൻ സംഗീതമായ്
ചിലങ്ക തൻ ചിലമ്പൊലിയായ്
തമ്മിലലിഞ്ഞതെന്തിനായ്

അർദ്ധനാരീശ്വര സ്ങ്കല്പമായ്
പകുത്തെടുത്തതെന്തിനായ്
വൃന്ദാവനിയിലെ രാധയായ്
വിരഹിണിയായ് കേഴുവാനോ
ഭക്തമീരയായിനിയും
ഗീതങ്ങൾ പാടുവാനോ

കാത്തിരിപ്പതിവിടെ
ഞാനിനിയും
നിന്നുടെ വിളിയൊന്നു
കേൾക്കുവാൻ
മൊഴിയാതെ മൊഴിയും
സ്വാന്തനമറിയുവാൻ ...