Thursday, December 25, 2014

ആരെന്നറിയാതെ..



നിറങ്ങളേഴും പകർന്നേകിയ
സായം സന്ധ്യ തൻ വർണ്ണചാരുതയിൽ
കൊഴിഞ്ഞു വീഴും പൂവിതളുകൾ
വീണ്ടും വിടരുവാൻ കൊതിക്കവേ

പശ്ചിമ സാഗരത്തിൽ മുങ്ങാംകുഴിയിട്ട
സൂര്യനോടൊന്നു പരിഭവമോതുവാൻ
ഒരു രാവിൻ നിറവിൽ കാത്തിരിക്കവേ
നിലാവലയായ് തഴുകുന്നതാരോ

കടൽകാറ്റിനീണം മൂളും തെന്നലോ
നിശാഗന്ധി തൻ പരിമളമേകും നിലാവോ
ഗന്ധർവ്വയാമത്തിൽ വിടർന്നീടും
ഗന്ധമാതള പൂക്കളിൻ മാദക ഗന്ധമോ

ഇരുളല തിങ്ങും രാവിൻ കരങ്ങളിൽ
തീരത്തെ പുണരും തിരയുടെ കരങ്ങളോ
അലസമായ് ഒഴുകിയെത്തും തിരകളുടെ
ചുംബനത്തിൽ ലാസ്യവതിയായ തീരമോ

പരിരംഭണമേൽക്കുവാൻ കാത്തു നില്ക്കും
പാരിജാത പൂക്കളിൻ നറുമണമോ
ആരോമൽ പുഞ്ചിരിയിൽ മനം മയക്കും
കുഞ്ഞിളം പൈതലിനായുള്ള വാത്സല്യമോ

ആരെന്നറിയാതെ മോഹിച്ചു പോകവേ
അദൃശ്യമായെന്നെ തഴുകി തലോടി
നോവുകളെല്ലം വിസ്മരിക്കുവാൻ
സ്വർലോകമേഴും തുറന്നു തന്നതാരോ

കാണാതീരത്തു  നിന്നും മുത്തുകളായെത്തി
അഴകിൽ കോർത്തൊരു മണിമാലയിൽ
സ്വപ്നങ്ങളൊക്കെയും പങ്കു ചേർത്ത്
സ്നേഹമാല്യം കൊരുത്തു വെച്ചതാരോ.....

Saturday, December 20, 2014

താരാപഥങ്ങളിൽ



നഷ്ട സ്വപ്നങ്ങൾക്കവധി നല്കുവാൻ
മനസ്സിൽ പൂക്കാലമോരുക്കി
സ്വർണരഥമേറി വന്നൊരു നാളിൽ
താരപഥങ്ങളിൽ നിന്നുമീ കണ്ണനും രാധയും

കരയും മനസ്സിൻ നോവുകൾ മാറ്റുവാൻ
ചിരിക്കും മുഖത്തിൽ ശോണിമ പകരുവാൻ
പാദപതനങ്ങളിൽ നിഴലായ് മാറുവാൻ
ഹൃദയവീണയിൽ രാഗമുയർത്തുവാൻ

മാരിവില്ലിൻ ഏഴഴകുള്ളൊരു മയിലായ്
പീലി വിടർത്തി നടനമാടുവാൻ
വിടരാത്ത പൂമൊട്ടിൽ ചുംബനമേകി
തേനുണ്ണും കരിവണ്ടായ് മൂളിപ്പറക്കുവാൻ

ഗാനവേദികളിൽ നിന്നുയർന്നിടും
മൃദംഗ താളത്തിൻ ലയമാകുവാൻ
ജീവിതവീഥിയിൽ തളർന്നു വീഴാതെ
താങ്ങായെന്നും കൂടെയെത്തുവാൻ

സ്വർഗമീ ഭൂമിയെന്നുര ചെയ്യുവാൻ
വൃന്ദാവനമായ് മാറ്റുവാൻ
വന്നിതാ വിണ്ണിലെ നക്ഷത്ര കുഞ്ഞുങ്ങൾ
അനുപമ ശോഭയേറും വാർതിങ്കളും ...

Saturday, August 30, 2014

പൊൻ വെയിലിനായ് ...

.

മാനത്തെ വെയിൽ കണ്ടു
ചിരിച്ചു നിന്നൊരു മുക്കുറ്റി
പെയ്തൊഴിഞ്ഞ മഴയിൽ
തളർന്നു വീണതറിയവേ

വിടരുവാൻ വെമ്പിയ
ചെമ്പനീർപ്പൂവ് മയങ്ങിയോ
മുറ്റത്തെ പൂക്കളത്തിലെ
തുമ്പയും കണ്ണീരണിഞ്ഞുവോ

ഓണമെത്തും നാളുകളിൽ
പെയ്തൊഴിയാ  മഴയെത്തവേ
കർഷകമനം പിടയുന്നുവോ
കിനാക്കളെല്ലാം ചിതറുന്നുവോ

മഴത്തുള്ളിക്കായ് കാത്തൊരു
ഭൂമി തൻ മനം നിറയവേ
കാലം തെറ്റിയ മാരിയിന്നു
വറുതി തൻ വിത്ത് വിതയ്ക്കയായ്

പൂക്കളമെല്ലാം ഒലിച്ചുപോയ്
പൂമരമെല്ലാം കൊഴിഞ്ഞു പോയ്
തിരുവോണമെത്തും  നാളിൽ
പൊൻ  വെയിലൊന്നു തെളിയുമോ 

Wednesday, August 20, 2014

ഈണമായ് ....



നഷ്ടമായൊരു സ്വപ്നത്തിൻ
തപ്ത നിശ്വാസങ്ങൾ
അറിയാതെയലിഞ്ഞൊരു
കുളിർ കാറ്റിലുലയവേ

ഒരു നോവിൽ പിടയും
ഹൃത്തടമുരുകവേ
അരണി കടഞ്ഞെടുത്തൊരു
അഗ്നിയായ് തെളിയവേ

മനതാരിൽ വിടരും
ചെന്താമരയായ് മാറവേ
തളിരണിയാത്ത കിനാക്കളെല്ലാം
ഒരു പൂക്കാലമായ്‌ മാറുമോ

ഇനിയും അനുരാഗദൂതുമായ്
വഴികൾ താണ്ടിടുമോ
വഴിക്കണ്ണുമായ് കാത്തിരിക്കും
പൂങ്കുയിലിൻ കൂട്ടായ് മാറുമോ

നിശയുടെ യാമങ്ങളിൽ
നിശ്ശബ്ദമായ് തേങ്ങും
നിലാപ്പക്ഷിയായ് ഇനിയും
താരാട്ടിനീണം മൂളുമോ ...

Saturday, August 9, 2014

ജന്മാന്തരങ്ങളിൽ ...



കാതരയായ് കേഴുമീ
രാപ്പാടി തൻ രോദനം
അലയൊടുങ്ങാത്ത
കടലിൻ നൊമ്പരമോ

തിരയൊഴിയാത്ത
തീരത്തിൻ നോവുകൾ
കാറ്റായ് മഴയായ്
അലിഞ്ഞൊഴുകുമോ

സ്വപ്നഗോപുരങ്ങൾ
പണിതൊരുക്കുമ്പോൾ
ജീവന്റെ താളമൊരുക്കും
മനമറിയാതെ പോകരുതേ

ഇമയറിയാതെ തുളുമ്പുന്ന
കണ്ണുനീർതുള്ളികൾ
ഹൃദയത്തിൻ നൊമ്പരം
വിളിച്ചോതുന്നുവോ

ഉള്ളിലെ സ്നേഹത്തിൻ
ജ്വാലകൾ കത്തിയെരിയവേ
മനസ്സൊരു  നെരിപ്പോടായ്
ഉരുകിത്തീരുന്നുവോ

സ്നേഹഗീതിയായ്
അലിഞ്ഞു പാടിടാം
ജന്മജന്മാന്തരങ്ങളിൽ
നിഴലായ് കൂടെ വന്നിടാം

അറിയാതെ പോകുന്ന
നൊമ്പരപ്പൂക്കളെ
മഴവില്ലിന്നഴകുമായ്
വരവേൽക്കാം    ....                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    

Sunday, July 27, 2014

കിനാവിന്‍ തീരത്ത്...



മയങ്ങും മിഴികളില്‍
സ്വപ്നമായ് തെളിയുവാന്‍
കിനാവിന്റെ തീരത്തുനിന്നും
വന്നെത്തിയ നക്ഷത്രകുരുന്നേ

ഒരു നോവായെന്നില്‍
നിശ്ശബ്ദമായ് പടര്‍ന്നേറവേ
നിന്നിലേക്കെത്തുവാന്‍ വെമ്പും
മനസ്സിന്‍ നൊമ്പരമറിയാതെ പോകയോ

ജീവന്റെ ജീവന്‍ പകര്‍ന്നേകാം
താരാട്ടിനീണം പാടിതരാം
കണ്ണിനു കര്‍പ്പൂരമായ് തെളിഞ്ഞീടാം
കെടാവിളക്കായ് തെളിയുകില്ലേ

നൊമ്പരമെല്ലാം പകര്‍ന്നെടുക്കാം
കിനാവൊളിയായ് തെളിഞ്ഞിടാം
പൂക്കാമരത്തിലെ പൂവാകാം
നിലാമഴയായ് പെയ്തലിയുകില്ലേ

Sunday, July 6, 2014

സ്നേഹധാരയായ്....


ഹൃദയരാഗം പകര്‍ന്നേകുവാന്‍
മനസ്സിന്‍ മണ്‍വീണ ഉണര്‍ന്നുവോ
ചിതലരിക്കാത്ത സ്വപ്നങ്ങളൊക്കെയും
പൂവണിഞ്ഞു പൂക്കാലമൊരുക്കിയോ

നിനവിന്‍ നോവുകള്‍ അറിയാതിനിയും
ഹൃദയതന്ത്രികള്‍ ഗാനം മീട്ടിയോ
മിഴിനീര്‍കണമൊക്കെയും
സ്നേഹധാരയായ് നിര്‍വ്വചിച്ചുവോ

അകതാരില്‍ ഉറങ്ങിയ ചിന്തകള്‍
കനിവേകും പുനര്‍ജീവനമായ് മാറിയോ
നഷ്ടസ്വപ്നങ്ങളെന്നു തപിക്കാതെ
ജീവല്‍സ്വപ്നമായ് വാരി പുണര്‍ന്നുവോ

എന്നിലലിയാനായ് തുടിച്ചു നില്‍ക്കും
നിന്‍ ജീവസ്പന്ദനം അറിയവേ
വിടരാതെ കൊഴിയുന്ന പൂമൊട്ടു പോല്‍
വിടരാതെ പോകില്ലൊരു നാളിലും

നിര്‍വൃതിയേകും നിമിഷങ്ങളില്‍
തരളിതമായ് അലിഞ്ഞിടാം
മധു നുകരുവാനാകാത്ത മധുപനെപോല്‍
ചിറകുകള്‍ നഷ്ടമായ് തളര്‍ന്നിടല്ലേ

സ്നേഹസ്വാന്തനമായ് തഴുകിടാം
തളരുവാനാകാത്ത ചിറകുകള്‍ നല്കിടാം
സ്വയമുരുകി തീര്‍ന്നാലും വെളിച്ചമേകും
മെഴുതിരിപോല്‍ ദീപ്തമാകാം...

Tuesday, July 1, 2014

ബാല്യത്തിനായ്...

എവിടെയോ മറന്നു വച്ച
കൈവളപ്പൊട്ടുകള്‍
ചിന്തീറിട്ടു മിനുക്കിയ
ഓര്‍മ്മകള്‍ക്കുള്ളില്‍ നിന്നും
പെറുക്കിയെടുത്തോമനിക്കും
ബാല്യമിനിയും വന്നെത്തുമോ

കണ്ണിമാങ്ങ പെറുക്കുവാന്‍
ഓടിയൊളിച്ചതും
വാഴത്തേനുണ്ണുവാന്‍
കൂമ്പു പറിച്ച്തും
ഓര്‍മ്മകള്‍ മാത്രമായ് തീരവേ
നഷ്ടബാല്യമോര്‍ത്തു കേഴുന്നു മനം

കൊയ്ത്തു കഴിഞ്ഞ പാടത്ത്
കറ്റ മുറുക്കുവാന്‍ കൂടിയതും
കൂട്ടിയിട്ട കറ്റകളൊന്നൊന്നായ്
മെയ്തൊരുക്കുവാന്‍ ഒരുങ്ങിയതും
നിറം ചാര്‍ത്തുമോര്‍മ്മകളായ്
ബാല്യത്തിലേയ്ക്കെന്നെ മാടി വിളിക്കുന്നു

ആദ്യമായ് തറ്റുടുത്ത്
ഒരോണപ്പൂവായ് മാറിയപ്പോള്‍
അതിര്‍വരമ്പുകളേറെ വെച്ച്
ബാല്യമെന്നില്‍ നിന്നകന്നു പോയ്
മുഗ്ധ സ്വപ്നങ്ങള്‍ പകര്‍ന്നു തന്ന്
ബാല്യത്തെയങ്ങകലേക്കയച്ചു.

Monday, June 30, 2014

ഇനിയും വരികയില്ലേ...

വാചാലമാം മൌനത്തിനുള്ളില്‍
ഉടയും നോവിന്‍ ചീളുകള്‍
കാണാതെപോകും ജീവനേ
നീയിനിയുമെന്‍ സ്വന്തമല്ലേ

വിജനമാം വഴിയിലെന്നും
നിനക്കായ് കാത്തു നില്‍ക്കവേ
വെയില്‍ തെളിയവേ മായും നിഴല്‍ പോല്‍
എങ്ങുപോയ് മറയുന്നു നീ

നിശയുടെ നിശ്ശബ്ദയാമങ്ങളില്‍
സ്വപ്നാടനത്തിലെന്ന പോല്‍
ഇരുള്‍ വീണ വഴികളില്‍
അലയുന്നതറിയുന്നുവോ

കല്‍വിളക്കില്‍ തിരിനാളം തെളിക്കവേ
തുറക്കുന്ന ഗോപുരവാതില്‍ക്കല്‍
ഇലഞ്ഞിപൂക്കള്‍ തന്‍ മാല്യവുമായ്
കാത്തിരിക്കുന്നതറിയുന്നുവോ

നിശാഗന്ധി പൂക്കുന്ന നേരം
നിലാവിന്റെ തോണിയിലേറി
കനവിന്റെ കൊട്ടരത്തില്‍
ഇനിയും വന്നണയുകില്ലേ?

Friday, April 4, 2014

ഹൃദയമോടെ...



പ്രിയമെന്നു ചൊല്ലി
മറഞ്ഞതെങ്ങു നീ
കനലിന്റെ ചൂളയില്‍
പുകയുവതിങ്ങു ഞാന്‍

ഉരുകുന്ന നോവില്‍
പുതഞ്ഞു പോകാതെ
വെയില്‍ നാളമായെന്നെ
പുണരുകയില്ലേ

കിനാവിന്റെ തീരത്ത്
ചിറകറ്റു വീഴാതെ
സ്വപ്നങ്ങള്‍ തന്‍
കെടാവിളക്കൊരുക്കാം

നിറങ്ങള്‍ പടര്‍ന്നൊരാ
ഓര്‍മ്മചിത്രങ്ങള്‍
മായ്ക്കാതെ മറയ്ക്കാതെ
ചേര്‍ത്തു വയ്ക്കാം

മങ്ങാതെ മായാതെ
തെളിഞ്ഞു നില്‍ക്കും
പൊയ്പോയ കാലത്തിന്‍
കണ്ണീര്‍ തുടച്ചു മാറ്റാം

നിശാഗന്ധിപ്പൂവിന്‍
ഗന്ധമെന്ന പോല്‍
ആരുമറിയാത്ത
പൂവായ് വിടര്‍ന്നിടാം

കിനാവൊളിയായ്


കിനാവിന്റെ തീരത്ത്
എരിഞ്ഞടങ്ങിയ ദീപമേ
ദീപ്തമായ് തെളിയും
ഓര്‍മ്മകള്‍ തേങ്ങുന്നുവോ

ചിതലെടുത്ത സ്വപ്ങ്ങള്‍
വിലപേശി വാങ്ങുവാന്‍
വിലക്കുകള്‍ ബാക്കിയാക്കി
തിരിച്ചു വന്നതെന്തിനായ്

നിശാഗന്ധി പൂക്കളായ്
വിടര്‍ന്നു നില്ക്കും പ്രണയമേ
പൂക്കാത്ത ചില്ലതന്‍ നോവുമായ്
കദനത്തീയില്‍ വേവുന്നുവോ

കാറ്റിലലയും കരിയിലയായ്
തീരങ്ങളെത്ര താണ്ടുവാനായ്
കതിരൊളിയായ് മുന്നിലെന്നും
തെളിവോടെ ഇനിയും നിറയേണമേ...                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              

Sunday, March 16, 2014

സ്നേഹമേ...



കനവിന്റെ തീരത്ത്
തനിച്ചാകും നേരത്ത്
നനുത്തൊരു കുളിരായ്
പരിരംഭണമേകുവാന്‍

ആരുമറിയാതെന്നില്‍
അലിഞ്ഞൊരു സ്നേഹമേ
നിഴല്‍ മാഞ്ഞ വീഥിയില്‍
ദീപ്തമായ് തിളങ്ങുകില്ലേ

കനിവിന്റെ ദീപനാളം
അണയാതെ കാക്കുകില്ലേ
അഴലിന്റെ തൂവലുകള്‍
തഴുകിയുറക്കുകില്ലേ

ഒഴുകുന്ന മിഴിനീര്‍
പൊഴിയാതെ മായ്ക്കുകില്ലേ
നിലാവിന്റെ പൊന്‍വെളിച്ചം
മങ്ങാതെ നോക്കുകില്ലേ

തകര്‍ന്ന തന്ത്രികളില്‍
പുതുരാഗം പകരുകില്ലേ
മനസ്സിന്റെ പൊന്‍വീണ
തകരാതെ രാഗമേകില്ലേ

ചിന്തീറിടാത്ത ചിന്തകളില്‍
അനുരാഗം വിടരുകില്ലേ
പാടുവാന്‍ മറന്ന കുയിലായ്
ഇനിയും പറന്നകലരുതേ...