Friday, October 25, 2013

കൂട്ടായ്...


തളര്‍ന്നു പോയ തനുവും
ഉണര്‍ന്നിരിക്കുന്ന മനവും
കുതിക്കുവാന്‍ വെമ്പുന്ന
മോഹത്തെ തടവിലാക്കുമോ

ഇടറും പാദങ്ങളുറപ്പിക്കുവാന്‍
കൈത്താങ്ങൊന്നായ് തീരുവാന്‍
അകലെയാകിലും അരികിലായ്
മനോബലം പകര്‍ന്നേകുകില്ലേ

ഉഴറുന്ന മിഴികളില്‍ കാഴ്ച
മങ്ങിയതായ് തീരവേ
തെളിവോടെ മുന്നോട്ട് നയിക്കുവാന്‍
അലിവോടെ മുന്നിലണയുകില്ലേ

പതറുന്ന ചിന്തകളെ
ചിതറാതെ കൂടെ നിര്‍ത്തുവാന്‍
ചിതലരിക്കാത്ത ഓര്‍മ്മകളുമായ്
ചിരകാലവും കൂട്ടായ് തീരുകില്ലേ

Sunday, October 20, 2013

രാഗമായ്...


നിറയുന്ന മൌനത്തില്‍
അറിയുന്നു ഞാനെന്‍
ഹൃദയ വിപഞ്ചികയുടെ
ശ്രുതിമധുരമാം അനുരാഗം

പാടുവാന്‍ മറന്നൊരു
അനുരാഗ ഗാനത്തിന്‍
ഈരടികളാലിന്നെന്‍
മനസ്സൊരു വൃന്ദാവനമായ്

തരളിതമാം മാനസയമുനയില്‍
അലകളേറെ ഉയരവേ
തകര്‍ന്നു പോയ തന്ത്രികളില്‍
സപ്തസ്വരമുണരുന്നു

രാധാമാധവ സംഗമത്തിനായ്
വരുവാന്‍ വൈകുവതെന്തേ
രാഗലോലയായ് തീര്‍ന്നിട്ടും
ഇനിയും പരിഭവമോ

ആശകളാലൊരു മാല്യമൊരുക്കി
കാത്തിരിപ്പൂ ഞാനിവിടെ
വസന്തരാവിന്‍ ലാസ്യവുമായ്
ദേവഗായകാ നീയെവിടെ..



Thursday, October 17, 2013

തനിയാവര്‍ത്തനം ...



ചിറകൊടിഞ്ഞ സ്വപ്നങ്ങളെ
നെഞ്ചോടു ചേര്‍ത്ത് പുല്‍കവേ
അറിയുന്നു നോവില്‍ പിടയവേ
കുറുകുന്ന പ്രാവിന്‍ തുടിപ്പുകള്‍ 

നിണമാര്‍ന്ന ഓര്‍മ്മകളില്‍ 
ചിതലരിച്ച ജീവിതങ്ങള്‍ തന്‍ 
നിറം മങ്ങിയ നിഴലുകള്‍ മാത്രം 
മായാതെ തെളിയുന്നു വീണ്ടും 

തരളിതമായ ചിന്തകളില്‍ 
തനിയാവര്‍ത്തനങ്ങളായ് 
എഴുതുന്നു വീണ്ടും 
പറയാന്‍ മറന്ന വചനങ്ങള്‍

Saturday, September 21, 2013

എല്ലാം മറക്കവേ ...


മൃദുപദമോടെ
മന്ദഹാസത്തോടെ
നീയെന്‍ കിനാവില്‍
ചേക്കേറവേ

കൂരിരുള്‍ പോലും
പൂനിലാവാകും
ശരശ്ശയ്യ പോലും
പൂമെത്തയാകും

കണ്ണൊന്നു ചിമ്മിയാല്‍
നിറഞ്ഞു നില്‍ക്കും
കൈയ്യൊന്നു നീട്ടിയാല്‍
അടുത്തു നില്‍ക്കും

സ്നേഹലോലനാം
നിന്‍ മുന്നിലെന്നും
നിലാവല പോലും
നാണിച്ചു നില്‍ക്കും

ഹരിനാമമന്ത്രം
ഉരുവിട്ടുവെന്നാല്‍
ശക്തിയും ബുദ്ധിയും
തെളിച്ചു നല്‍കും

വേദനയെല്ലാം
അകറ്റി നിര്‍ത്തും
വേദാന്തമൊക്കെ
പകര്‍ന്നു നല്‍കും

കണ്ണോടു കണ്ണൊന്നു
കാണുന്ന നേരം
എലാം മറന്നു ഞാന്‍
ലയിച്ചു ചേരും 

Saturday, September 14, 2013

പൂക്കളം



ചിങ്ങപ്പൊന്‍വെയില്‍
നിറദീപം പോല്‍ തെളിയവേ
മുറ്റത്തെ പൂക്കളത്തില്‍
തുമ്പപൂക്കള്‍ ചിരിതൂകി

മുക്കുറ്റിയും കാക്കപ്പൂവും
വര്‍ണ്ണശോഭ തെളിച്ചു
ചെത്തിയും ചേമന്തിയും
തൃക്കാപ്പൂ ചൂടിച്ചു

വഴിമാറി പ്പോയൊരു
കള്ളകര്‍ക്കിടകം
ഇടവേളകളില്‍
വന്നെത്തിനോക്കി

ഏഴഴകില്‍ വിരിഞ്ഞൊരു
പൂക്കളമെല്ലാം
മഴവെള്ളപ്പാച്ചിലില്‍
മറ്റൊരു പൂക്കളമൊരുക്കി

Tuesday, September 3, 2013

മയില്‍പ്പീലിതുണ്ടുകള്‍ ...



കാറ്റിന്‍ കൈകളില്‍ 
ആലോലമാടി  
നീലമേഘങ്ങള്‍ 
പാറിയൊളിക്കവേ

തീരത്തെ പുല്‍കുവാന്‍ 
തേടിയെത്തും തിരകള്‍ 
കളിവഞ്ചിയിറക്കവേ
ആഞ്ഞടിക്കുന്നുവോ

ചിപ്പിയില്‍ നിന്നും 
തെറിച്ചു വീണ
പവിഴമുത്തിനെ
കാണാതെ പോകുമോ

സായം സന്ധ്യകള്‍ 
യാത്ര ചൊല്ലവേ
ഇനിയിങ്ങു വരാതെ
പറന്നകലും കുരുവികളേ

തുയിലുണര്‍ത്തുമായ്
കതിരവന്‍ തെളിയവേ
ഉണര്‍ത്തുപാട്ടുമായ്
വീണ്ടും വന്നണയുമോ

നീലാകാശചോലയില്‍ 
വിരിഞ്ഞു നില്ക്കും 
നക്ഷത്രപൂക്കളേ
മിഴിനീരണിയുവതെന്തേ

വെയില്‍ തെളിയവേ
വിരിയാന്‍ മറന്ന
നാലുമണിപ്പൂവേ
നീയും കൊഴിയുകയോ

നിലാവൊളി പരക്കവേ
ഇതള്‍ വിടര്‍ത്തും പാലപ്പൂവേ
നിന്‍ നറുഗന്ധം പടരവേ
ഗന്ധര്‍വ്വകിന്നരനെത്തുമോ

നിശ്ശബ്ദയാമങ്ങളില്‍ 
ഉയരും നൂപുരശബ്ദം 
കിനാവില്‍ നിന്നൊഴുകും 
ചടുല പദനിസ്വനമോ

ഏതോ യാത്രയില്‍ 
മറന്നു വെച്ചൊരു 
നഷ്ടസ്വപ്നങ്ങള്‍ തന്‍ 
മയില്‍പ്പീലിതുണ്ടുകളാകാം ...

Sunday, September 1, 2013

കലികാലം ...



വിധിയുടെ കൈകള്‍
അമ്മാനമാടിയ
പൊന്‍കുരുന്നുകള്‍
തളരുമ്പോള്‍

ജീവനേകിയ
അമ്മ തന്‍ കൈകള്‍
ആരാച്ചാരായ്
തീര്‍ന്ന്പ്പോള്‍

തകര്‍ന്നടിഞ്ഞ
മനസ്സിന്‍ നൊമ്പരം
പീഡനത്തിന്‍
മുറിവിലുമേറെയായോ

അമ്മയാണുണ്മയെന്നു
ചൊല്ലവേ
നിയതി തന്‍
വിളയാട്ടു പമ്പരമായോ

ജനയിതാവിന്‍
തലയറുത്തു മാറ്റി
പുത്രധര്‍മ്മം
പൂര്‍ണ്ണമാക്കവേ

പകച്ചു നില്‍ക്കും
ജനതയെ നോക്കി
കൂസലെന്യേ പോകവേ
കലികാലമെന്നുര ചെയ്യാം .


Sunday, August 18, 2013

അരികത്തണയുമോ...


പ്രണയമായ്
മൊഴിയവേ
അകലുന്നുവോ 
നീയിനിയും 

പരിരംഭണത്തിന്‍ 
ഊഷ്മളതയില്‍ 
ുളയുന്നുവോ 
തനുവാകെയും 

മൃദുലമാം 
സ്പര്‍ശനത്താല്‍ 
അലിയുന്നുവോ
മനമാകെയും 

ചുടുനിശ്വാസമായ്
നെഞ്ചിലമരവേ
പുതുജീവനേകുമോ
ജീവതന്ത്രികളില്‍ 

ചുബനമുതിരവേ
തരളിതമാകുമോ
പിന്‍വിളിയില്ലാതെ
അരികത്തണയുമോ.

Friday, August 9, 2013

മായുന്നുവോ.......



നിന്നെ തിരഞ്ഞ്
നടന്നേറെയെങ്കിലും
കാണ്മതിന്നായില്ലയെന്‍
കിനാവിന്റെ തീരത്തും

വെയിലേറ്റു വാടിയ
തൊട്ടാവാടിയോ
മഴയത്തു പൊഴിഞ്ഞ
പവിഴമല്ലിപൂവോ

ചിതറിത്തെറിച്ച
മഞ്ചാടിക്കുരുക്കളോ
നാവേറു പാടുന്ന
പുള്ളുവക്കുടങ്ങളോ

വയല്‍വരമ്പിലെ
തുമ്പക്കുടങ്ങളോ
സന്ധ്യാദീപമെത്തും
തുളസിത്തറയോ

മായാത്ത സ്മൃതികളില്‍
അലിഞ്ഞു ചേര്‍ന്നൊരു
ഭാവ സ്മരണകളേ
നീയെന്നെ പുണരുകില്ലേ

വെയില്‍ മായവേ
മായും നിഴല്‍ പോലെ
കിനാവില്‍ നിന്നും
മായുവതെന്തിനു നീ....