Monday, April 24, 2017

ചെമ്പകപൂവനി

മെഴുതിരി പോൽ
ഉരുകുമൊരു
മനമറിയാതെ
ഇടറി വീഴും

മുഗ്ദാനുരാഗത്തിൽ
തളിരണിയുവാൻ
ചെമ്പകപൂവനിയിൽ
വന്നിടുമോ


പവിഴമല്ലിപ്പൂവുകൾ
കൊഴിഞ്ഞതെന്തിനോ
നിലാവൊളി പരക്കവേ
പൂമണം പരത്തുവാനോ..


ഉതിർന്നു വീണൊരു
കണ്ണുനീർ തുള്ളി
വഴിയറിയാതെ
നെഞ്ചകം പുകക്കവേ


അടർന്നു വീണൊരു
മഴത്തുള്ളിയിൽ
നീലക്കുറിഞ്ഞികൾ
പൂത്തതറിഞ്ഞുവോ..

ഈ ജന്മം

ഏതോ സ്വപ്നത്തിൻ
നൂപുരധ്വനിയിൽ
അലിഞ്ഞു തീരുമൊരു
ചിലമ്പൊലിയായിടട്ടെ
വിടരാത്ത മുകുളത്തിൽ
ഒളിച്ചു വച്ചൊരു
സുഗന്ധമായെന്നെ
പൊതിഞ്ഞിടുമ്പോൾ


പകരാതെ വച്ചൊരു
മൗനാനുരാഗങ്ങൾ
നിന്നെ തഴുകിയുണർന്നും
മഞ്ഞു തുള്ളിയായിടട്ടെ


അകതാരിൻ വിരിയും
സ്വപ്നങ്ങൾ തൻ
നിറച്ചാർത്തുകൾ
നിനക്കായ് തെളിയട്ടെ


കുളിർ കാറ്റായ്
തലോടുവാൻ
ചന്ദനലേപമായ്
കുളിരേകുവാൻ


ഊഷരഭൂവിൽ
പെയ്തിറങ്ങുമൊരു
വേനൽ മഴയിൽ
നനഞ്ഞലിയുവാൻ


തൂക്കണാംകുരുവി തൻ
കൂട്ടിലൊന്നു ചേരാൻ
ഈ ജന്മം മാത്രമായ്
മതി വന്നിടുമോ...

നീലക്കുറിഞ്ഞികൾ

മെഴുതിരി പോൽ
ഉരുകുമൊരു
മനമറിയാതെ
ഇടറി വീഴും

മുഗ്ദാനുരാഗത്തിൽ
തളിരണിയുവാൻ
ചെമ്പകപൂവനിയിൽ
വന്നിടുമോ


പവിഴമല്ലിപ്പൂവുകൾ
കൊഴിഞ്ഞതെന്തിനോ
നിലാവൊളി പരക്കവേ
പൂമണം പരത്തുവാനോ..


ഉതിർന്നു വീണൊരു
കണ്ണുനീർ തുള്ളി
വഴിയറിയാതെ
നെഞ്ചകം പുകക്കവേ


അടർന്നു വീണൊരു
മഴത്തുള്ളിയിൽ
നീലക്കുറിഞ്ഞികൾ
പൂത്തതറിഞ്ഞുവോ..

കനവുമായ്

വെയിൽനാളമെന്നും
കളം വരയ്ക്കവേ
ആവണികോലായിൽ
ദീപം തെളിയുകയല്ലേ

മഴമേഘമൊന്നായ്
പെയ്തൊഴിഞ്ഞാൽ
ചെറുതിരി നാളമെങ്കിലും
ഇത്തിരിവെട്ടം കാട്ടുകില്ലേ


വിരഹാർദ്ര ഗാനമായ്
പ്രണയ നൊമ്പരമായ്
മുളന്തണ്ടിൻ ഗാനവുമായ്
വന്നെത്തിയതാരോ


ഹൃദയരാഗവുമായ്
മിഴികളിൽ കനവുമായ്
മൊഴികളിൽ താളവുമായ്
അരികിലണഞ്ഞതാരോ


ഇടറിയ പദങ്ങളിൽ
ചിതറിയ ചിലമ്പുകളിൽ
മോഹനവർണ്ണങ്ങൾ
വിരിയിച്ചതാരോ...

ജ്വാലയായ്


നിലാവിന്റെ കിന്നാരത്തിൻ
മയങ്ങി നിന്നൊരു നക്ഷത്ര മേ
മഞ്ഞു പെയ്യും രാവിൽ
മാഞ്ഞു പോകുവതെങ്ങു നീ

ഇളം തെന്നൽ തലോടവേ
മിന്നാമിനുങ്ങിൻ ഇത്തിരിവെട്ടം
രാവിൻ കൂരിരുളിൽ
ജ്വാലയായ് തിളങ്ങുകില്ലേ

മഴത്തുള്ളികിലുക്കത്തിൻ
രാഗാർദ്രമാം മനതാരിൽ
നിദ്ര തൻ മുദ്ര പതിക്കവേ
വർണ്ണസ്വപ്നങ്ങൾവിടരുകില്ലേ

രാഗവല്ലരി

ചിതറി വീഴും വാക്കുകളിൽ
ആർദ്രതയേറവേ
ചിന്തകൾക്കൊരിക്കലും
മുറിവേൽക്കയില്ല

പാടാൻ മറന്ന പാട്ടിൻ
രാഗവല്ലരിയായ്
മണി മുത്തു കിലുക്കും
ചിലങ്ക തൻ താളമായ്


അനുരാഗഗീതം മൂളും
ചുണ്ടിണയിലെ മുരളികയായ്
സ്വപ്ന കൂടാരത്തിൽ
മയങ്ങിയതെന്തിനായ് ..

നൂപുരധ്വനി

നിയതി തൻ കൈകളിൽ
ആലോലമാടുവാനായ് 
പൂഞ്ചിറകുകളൊതുക്കിെയത്തും
ഓമൽകിനാവുകളേ

ഉണരുവാൻ മറന്നു പോയ
ഉഷസ്സിൻ നന്മകളിൽ
തിരുമധുരം നുണയും
നൈവേദ്യമായതെന്തേ


മഴത്തുള്ളികിലുക്കത്തിൻ
നൂപുരധ്വനിയുമായ്
സ്വപ്നാടനം നടത്തുവാൻ
വന്നു ചേർന്നതെന്തിനോ

നക്ഷത്ര പൂക്കൾ

ഈറൻ നിലാവിന്റെ
നിഴൽ പൂക്കളാൽ
പൂർണ്ണേന്ദുവിൻ
മുഖം മറയ്ക്കവേ

പാതിരാപ്പുള്ളിൻ
ഗാനമുയർന്നുവോ
മിന്നാമിനുങ്ങിൻ
ഇത്തിരിവെട്ടം കണ്ടുവോ


ആകാശ താഴ്വരയിൽ
നക്ഷത്ര പൂക്കൾ
വെൺപൂമഴയായ്
പെയ്തിറങ്ങിയോ
വെയിൽ നാളമൊന്നു
മിഴിനീട്ടവേ
ഉരുകുന്ന മഞ്ഞു തുള്ളി
കണ്ണീരണിയുന്നുവോ

വിടരാത്ത പുവിതളിൽ
ചുംബനമേകും ശലഭമേ
വിടർന്നു പോകവേ
നുകരുമോ തേൻകണം


ഹൃദയ തന്ത്രികളിൽ
മീട്ടുമീയനുരാഗം
നോവുമിടനെഞ്ചിൽ
സ്വാന്തനമായിടട്ടെ...

പൊന്നോണം

നുള്ളി നോവിക്കുവാനെന്തുന്ന
ഓർമ്മകൾ പിന്നെയും
പിച്ചവെയ്ക്കുന്നൊരു
ബാല്യത്തിൻ കളിമുറ്റം

ചെത്തിമിനുക്കുവാൻ
നേരമായെന്നോതി തുമ്പക്കുടം
ചെത്തി ചെമ്പരത്തി
ചേമന്തിയും വിരിയുകയായ്


കതിരെല്ലാം നിറയവേ
പതിരെല്ലാം ഒഴിവായ്
പൂത്തറകൾ ഉയരവേ
പൊന്നോണം വരവായ്


ആമോദപൂവിളികളുയരവേ
തുമ്പിതുള്ളാൻ പോകയായ്
കൈ കൊട്ടിതാളം പിടിക്കവേ
ഓണവില്ലിൻ നാദമുയരുകയായ് .

ഒരു മോഹം....


കൊഴിഞ്ഞ പൂക്കളെപ്പോല്‍
കഴിഞ്ഞ ബാല്യത്തെപ്പോല്‍
ചിറകറ്റ ശലഭത്തെപ്പോല്‍ 
തിരിച്ചു പോകാനാകാത്ത നിമിഷങ്ങളേ
കാണുന്നതൊക്കെയും കണ്ടുവെന്നോ
കേള്ക്കുന്നതൊക്കെയും കേട്ടുവെന്നോ
പറയേണ്ടതൊക്കെയും പറഞ്ഞുവെന്നോ
മൌനമിനിയും ബാക്കിയെന്നോ
കിനാവിന്‍ തീരത്തുനിന്നും
ഒഴുകിയെത്തും ഗാനമായ്
മനസ്സിന്റെ ജാലകവാതിലില്‍
മുട്ടിവിളിക്കും ചകോരമായ്
നിലാവിനെ സ്നേഹിക്കും ആമ്പലായ്
കൊളുത്താത്ത വിളക്കിലെ നാളമായ്
എഴുതാത്ത കഥയിലെ നായികയായ്
അലിഞ്ഞിടുവാനൊരു മോഹം

നൊമ്പരക്കടൽ...


അറിയാതെ പോയൊരു
നൊമ്പരക്കടലിൽ
പങ്കായമില്ലാത്ത
തോണിയിലലയവേ

തീരം കാണാതുഴറവേ
ഏകയായതറിയവേ
വേനൽമഴയിലൂടെ
തീരം കാണാതലയുകയായ്

ഇനിയില്ലയെൻ
മുന്നിലൊരു ദിനമായ്
സ്വപ്നങ്ങൾ കൊണ്ടൊരു
കൂടൊരുക്കാൻ 

ഹൃത്തടത്തിൽ നിന്നുയർന്നൊരു
തേങ്ങലലയടിക്കവേ
കാഴ്ചകൾ മറഞ്ഞൊരാ
കണ്ണീർ തുള്ളികൾ ഇറ്റുവീഴവേ

മൗനത്തിലഭയം തേടും
മോഹങ്ങൾ തളർന്നീടവേ
പ്രണയ നൊമ്പരമായ്
അകന്നു പോയതെന്തിനോ

നോവിന്നലയിൽ തകർന്നീടവേ
വ്യർത്ഥമോഹങ്ങൾ ബാക്കിയായി
ഇനിയുമീ തീരാനോവിൽ
അലിഞ്ഞു തീർന്നിടട്ടെയെൻ സ്വപ്നം..

തുളസിക്കതിരായ്..


പൊയ്‌പോയ സ്വപ്നങ്ങൾക്കായ്
കൂടാരമൊന്നൊരുക്കി കാത്തിരിക്കവേ
വഴി തെറ്റി വന്നൊരു മഴയിൽ 
നനവാർന്നു കുളിരിൽ കുതിർന്നുവോ
മഴപ്പക്ഷി തൻ പാട്ടിൻ ഈണത്തിൽ
മനമുരുകി പാടിയലിഞ്ഞുവോ
നിഴലുകൾ കളം വരയ്ക്കുന്നൊരു രാവിൽ
നിലാപ്പക്ഷിയായ് കേഴുന്നുവോ
സ്നിഗ്ദ്ധമാം പരിരംഭണത്തിനാൽ
പരിഭവമലിഞ്ഞു തീരവേ
രാഗലോലയാം രാധയാകവേ
ചൊടികളും മുദ്രാംഗിതമാക്കിയോ
നറുമണം പടർത്തുവാനെത്തിയ
പൂത്തുലഞ്ഞൊരു പവിഴമല്ലിയും
ഹൃത്തടത്തിൽ സൂക്ഷിക്കുമൊരു
തുളസിക്കതിരായ് മാറിയോ ...

അറിയുവാൻ .

..
നോവുകൾക്കുള്ളിൽ
മയങ്ങും മനസ്സിനെ
തൊട്ടുണർത്തി 
ആരുമറിയാതെ
പ്രിയമെന്നോതി
മറഞ്ഞതെങ്ങു നീ
കാണാകിനാക്കൾ
ചിതറി വീഴവേ
വെയിലേറ്റു വാടിയ
തൊട്ടാവാടി പോൽ
കരിഞ്ഞു വീഴും
ജീവനെയറിയുമോ
മോഹഭംഗങ്ങളെ
മോഹനമാക്കിയ
അഗ്നിശുദ്ധിയാൽ
തപം ചെയ്തൊരു
സ്നേഹത്തിന്നാഴം
അറിയാതെ പോകയോ
നിഴലും നിലാവുമായ്‌
സൂര്യന്റെ താമരയായ്‌
മുല്ലവള്ളി തൻ തേന്മാവായ്
യമുന തൻ സംഗീതമായ്
ചിലങ്ക തൻ ചിലമ്പൊലിയായ്
തമ്മിലലിഞ്ഞതെന്തിനായ്
അർദ്ധനാരീശ്വര സ്ങ്കല്പമായ്
പകുത്തെടുത്തതെന്തിനായ്
വൃന്ദാവനിയിലെ രാധയായ്
വിരഹിണിയായ് കേഴുവാനോ
ഭക്തമീരയായിനിയും
ഗീതങ്ങൾ പാടുവാനോ
കാത്തിരിപ്പതിവിടെ
 ഞാനിനിയും
നിന്നുടെ വിളിയൊന്നു
കേൾക്കുവാൻ
മൊഴിയാതെ മൊഴിയും
സ്വാന്തനമറിയുവാൻ ...

കാതരയായ്..

കാതരയായ്...
പെയ്യാൻ വിതുമ്പി നിന്ന 
മഴമേഘങ്ങളെന്തിനോ 
കണ്ണാരംപൊത്തി കളിയുമായ് 
കാണാമറയത്തൊളിച്ചു

കൺചിമ്മിയുണരുന്ന 
നക്ഷത്ര കുഞ്ഞുങ്ങളും 
രാവിൻ വിരിമാറിൽ 
മയക്കം പിടിച്ചുവോ

താരാട്ടിനീണമുയർത്തും
രാപ്പാടി തൻ ഗാനത്തിൽ 
നിശാഗന്ധി തന്നിതളുകൾ
കൂമ്പിയുറങ്ങിയോ

മയക്കം വരാത്ത 
നീർമിഴിയിണകളിൽ 
സ്നേഹാർദ്രമാം ചുംബന 
മുദ്രയണിഞ്ഞുവോ

കാതരയായ് കേഴും 
ഇണപ്പക്ഷിതൻ ചിറകിൽ
രാഗലോലമായ് തഴുകി
ഉറക്കുവതില്ലയോ...

മഴവില്ലായ്‌...

മഴവില്ലായ്‌...
കത്തിച്ചു വെച്ചൊരു
നിലവിളക്കിൻ മുന്നിൽ
എരിഞ്ഞു തീരുകയായ് 
കർപ്പൂര നാളമായ്
കണ്ണീരുണങ്ങാത്ത
കവിൾത്തടങ്ങളിൽ
മഴത്തുള്ളിയിനിയും
അലിഞ്ഞു ചേരുന്നുവോ
കാണാതെ പോയൊരു
നോമ്പരപ്പൂവിന്റെ
തേങ്ങലുകളിനിയും
കേൾക്കാതെ പോകയോ
കരയുകയില്ല ഞാൻ
ജീവനില്ലാതെയാകിലും
കണ്ണീരണിഞ്ഞാലിനിയെൻ
ജീവനകന്നു പോകുകിൽ
ജീവന്റെ ജീവനെ
നെഞ്ചോടു ചേർക്കുവാൻ
കാത്തിരിക്കയാണെന്നും
വെറുമൊരു വേഴാമ്പലായ്
കണ്ണീർകിനാവിന്റെ
തീരത്ത് നിന്നും
നൽകിടാമെന്നുമൊരു
കൊച്ചു സ്വപ്നതീരം
താലോലിക്കുവാൻ
നീട്ടിടും കൈകളിൽ
പങ്കുവെയ്ക്കാമല്പം
സ്നേഹ തീർത്ഥം
വാനിലമ്പിളിയായ്
തെളിഞ്ഞുയരവേ
കാണാതെ പോകുമോ
ഈ തോട്ടാവാടിയെ
പുലർവെയിലായ്
ഇളം മഞ്ഞുതുള്ളിയായ്
തലോടുവാനെത്തവേ
മഴവില്ലായ്‌ മായരുതേ ...

വിഷുക്കണി ...


ഓർമ്മകൾ തൻ
നിറച്ചാർത്തിൽ
കസവു ഞൊറിയും 
കണിവെള്ളരിയും 

കണിക്കൊന്ന തൻ
സ്വർണ്ണവർണവും
പൊന്നോടക്കുഴലുമായ്
ഉണ്ണിക്കണ്ണനും 

ഏഴുതിരിയിട്ട
പൊൻവിളക്കും
അഷ്ടമംഗല്യ
താലത്തിലുണരും
വാൽകണ്ണാടി തൻ
 തെളിമയും 

കാണിക്കയായൊരു
നാണയത്തുട്ടും
പുതുമണം മാറാത്ത
കോടിമുണ്ടും
ഒന്നിച്ചൊരുക്കിയ
വിഷുക്കണി വരവായ്...