Friday, April 29, 2016

ലഹരിയായ്



ചിതറിത്തെറിച്ചൊരു മഴത്തുള്ളിയായ്
ഉടലാകെ പൊതിയുന്നൊരു നനവായ്
ഒഴുകിയിറങ്ങും ജലകണമേ
കത്തിജ്വലിക്കും നോവിന്റെ വേവിൽ
എന്നിൽ എരിയുന്ന ലഹരിയിൽ
നീ മാഞ്ഞു പോകുവതെങ്ങിനെ

നിശയുടെ മാന്ത്രികതയിൽ
നിലാവിന്റെ പരിരംഭണത്തിൽ
പതഞ്ഞു പൊങ്ങും മധുചഷകമോ
എന്നിലെ ചുംബനതീഷ്ണതയോ
നിന്നിലൊരു ലഹരിയായ് പടരുവാൻ
മോഹമോടെ മാടി വിളിക്കുന്നു

കണ്ണൊന്നു ചിമ്മിയാൽ കാണുന്നതെങ്ങും
ദുരിതക്കയത്തിൻ കാണാകാഴ്ചകൾ
കാതോർത്തിടുകിൽ കേൾക്കുവതെങ്ങും
നോവിൽ പിടയും പ്രാണരോദനങ്ങൾ
എന്നിട്ടുമീ ജീവിത സത്യത്തെ ലഹരിയായ്
ഉള്ളിൽ താരാട്ടുമീ ജീവിത നൊമ്പരങ്ങൾ

പൊയ്പോയ ബാല്യവും കൗമാര കുതൂഹലതയും
വീണ്ടുമൊരിക്കൽ കൈവന്നീടുകിൽ
ജീവിതമൊരു ലഹരിയായ് നുകർന്നീടുവാൻ
മടിക്കുകില്ലൊരു മർത്ത്യനുമിവിടെ
നല്ല നാളേയ്ക്കായ് കരുതിവെച്ചിടാം
നമുക്കൊന്നായൊരു ജീവിത മധുചഷകം...

Sunday, April 10, 2016

വിദ്യതൻ മഹത്വമായ്



അറിവിന്നക്ഷരം പകർന്നേകവേ
അവിവേകമെന്തെന്നതറിയാതെ
അക്ഷരപൂക്കളം ചിതറി വീഴ്ത്തി
അവഹേളനമേറ്റൊരു ഗുരുപാദം
അറിയാതെ പോലും ശപിക്കില്ലൊരു
അനർഹരാം ശിഷ്യഗണങ്ങളിലാരെയും
 
അടർന്നു വീഴും കണ്ണുനീർതുള്ളികൾ
അറിവിൻ മഹത്വം കാത്തുരക്ഷിക്കയായ്
കലാപമുയരും കലാലയത്തിൽ
സ്തുതിപാഠകമേറ്റു ചൊല്ലാതെ
നിണച്ചാലുകളൊഴുക്കാതെ
അമ്മതൻ നോവുമായ് കാത്തതെന്തിനായ്

പിഴച്ചു പോകട്ടെയെന്നു നിനയ്ക്കുകിൽ
ഉദകക്രിയയ്ക്കായ് നാക്കിലയൊരുക്കി
കണ്ണീരണിയും ജന്മങ്ങളെത്രയെന്നോർക്കവേ
സമാധിയൊരുക്കിയവർക്കായ് നിശ്ശബ്ദമായ്
നന്മനേരും മനസ്സുമായ് പടിയിറങ്ങവേ
വിദ്യയെന്തിനെന്നു ചോദിച്ചു പോകയായ് ..