Sunday, February 22, 2015

സ്നേഹഗീതം

 ...

ഉയർന്നു കേൾക്കും തേങ്ങലുകൾ
കാതിന്നുള്ളിൽ അലയടിക്കവേ
തിരിച്ചു പോകുവാനാകാതെ
ഇടറി നിന്ന പാദങ്ങളിൽ
അഴിക്കുവാനാകാത്ത
കൂച്ചു വിലങ്ങണിയിച്ചതാരോ

നെരിപ്പോടായ് നീറുന്നൊരു
മനമറിയാതെ പിരിയുവതെന്തിനോ
പിരിയ്ക്കുവാനാകാത്ത
കാണാച്ചരടിനാൽ ബന്ധിപ്പിച്ചതല്ലയോ
നീറും ഹൃദയത്തിൽ നിണമണിയിക്കും
നോവിൻ മുറിവായ്‌ തീർന്നതെന്തിനോ

കണ്ണീർക്കണമായ് മാറുന്നൊരു
കരളിൻ നൊമ്പരമറിയുന്നതല്ലേ
സ്വപ്നങ്ങളെന്നും വില്പനക്കായ്
കൊണ്ടു പോകുന്നതല്ലയോ
തീരാക്കടങ്ങളിൽ വില്ക്കുവാനില്ലാതെ
ജീവിതം തട്ടിക്കളയുവതെന്തിനായ്

കൈവിട്ടു പോകുന്ന ജീവിതയാത്രയിൽ
മാനസമെന്നും കുളിരണിയട്ടെ
കെടാതെയെന്നും തെളിക്ക നീയീ
കിനാക്കൾ തൻ നിറദീപം
ആമോദചിത്തരായ് പാടുക നീയീ
സ്നേഹ സംഗമത്തിൻ ഗാഥകളെന്നും

പുലരിക്കായ്‌ ...



ഏതോ സ്വപ്നഭൂവിൽ
വിരിഞ്ഞു നിന്നൊരു മലരേ
മഴത്തുള്ളി കിലുക്കത്തിൻ
നൂപുരധ്വനി കേട്ടുണർന്നുവോ 

കൂടൊന്നൊരുക്കി കാത്തിരിക്കും
കുരുവി തൻ നൊമ്പരമറിയാതെ
പെയ്തിറങ്ങും മഴമുകിലേ
വഴിമാറി പോകാനാകുമോ

ഇളംമഞ്ഞിൻ കുളിരുമായ്
വീശിയെത്തും ഇളംതെന്നലേ
വിടർന്നൊരു പൂവിന്നിതളുകൾ
കൊഴിയാതെ തലോടുവാനാകുമോ

കൊഴിഞ്ഞ പീലികൾ കോർത്താലും
മാമയിലായ് തീരുകില്ലെന്നറിവിൽ
നിറഞ്ഞു നില്ക്കും ഗ്രാമഭംഗി
വില്പനക്കായ് നല്കരുതേ

കതിരണിഞ്ഞ വയലേലകൾ
കാണാക്കനിയായ് തീരവേ
നിറംചാർത്തുമോർമ്മകൾ 
പഴമോഴിയായ് മാറുകയോ

അസ്തമയസൂര്യന്റെ
ചെങ്കതിരൊളി മായും മുമ്പേ
കാഴ്ചകൾ മറയവേ
ഇരുൾ മൂടുന്നതറിയുന്നുവോ

ഇനിയും കാതോർത്തിരുന്നാൽ
ഉണരും പുലരികൾക്കായ്
പുതിയൊരു ഗീതവുമായ്
വാനമ്പാടി പറന്നണയുകില്ലേ...

Tuesday, February 17, 2015

താരാട്ടിനീണമായ് ..

.

നിറച്ചാർത്തുകൾ തൻ
നിറം മങ്ങിയതറിയാതെ
സ്വപ്നങ്ങൾക്ക്‌ നിറമേഴും
പകരുന്നതെന്തിനായ്

തകർന്നു പോയ തന്ത്രികളിൽ
പുതു രാഗമുയർത്തുവാൻ
ചിതറിത്തെറിച്ച ചിലങ്കയിൽ
താാളമുണരുന്നുവോ

ഒരു രാപ്പാടിയായ് പാടുകില്ലേ
നിശാഗന്ധിയായ് വിരിയുകില്ലേ
കൊഴിയുന്ന പൂവിന്നിതളായ്
കരിഞ്ഞുണങ്ങി പോകരുതേ

മോക്ഷമില്ലാത്തൊരഹല്യയായ്
പാഴ്കല്ലായ് തീർക്കരുതേ
അലിയുന്ന മനസ്സിന്നാഴമറിയാതെ
കരിങ്കല്ലെന്നു മുദ്ര പതിക്കരുതേ

സ്വയമുരുകും മെഴുതിരിപോൽ
ഉരുകുകയാണെൻ ഹൃത്തടം
നോവുമിടനെഞ്ചിൻ തേങ്ങലുകൾ
താരാട്ടിനീണമായ് തീർന്നിടട്ടെ..