Saturday, August 30, 2014

പൊൻ വെയിലിനായ് ...

.

മാനത്തെ വെയിൽ കണ്ടു
ചിരിച്ചു നിന്നൊരു മുക്കുറ്റി
പെയ്തൊഴിഞ്ഞ മഴയിൽ
തളർന്നു വീണതറിയവേ

വിടരുവാൻ വെമ്പിയ
ചെമ്പനീർപ്പൂവ് മയങ്ങിയോ
മുറ്റത്തെ പൂക്കളത്തിലെ
തുമ്പയും കണ്ണീരണിഞ്ഞുവോ

ഓണമെത്തും നാളുകളിൽ
പെയ്തൊഴിയാ  മഴയെത്തവേ
കർഷകമനം പിടയുന്നുവോ
കിനാക്കളെല്ലാം ചിതറുന്നുവോ

മഴത്തുള്ളിക്കായ് കാത്തൊരു
ഭൂമി തൻ മനം നിറയവേ
കാലം തെറ്റിയ മാരിയിന്നു
വറുതി തൻ വിത്ത് വിതയ്ക്കയായ്

പൂക്കളമെല്ലാം ഒലിച്ചുപോയ്
പൂമരമെല്ലാം കൊഴിഞ്ഞു പോയ്
തിരുവോണമെത്തും  നാളിൽ
പൊൻ  വെയിലൊന്നു തെളിയുമോ 

Wednesday, August 20, 2014

ഈണമായ് ....



നഷ്ടമായൊരു സ്വപ്നത്തിൻ
തപ്ത നിശ്വാസങ്ങൾ
അറിയാതെയലിഞ്ഞൊരു
കുളിർ കാറ്റിലുലയവേ

ഒരു നോവിൽ പിടയും
ഹൃത്തടമുരുകവേ
അരണി കടഞ്ഞെടുത്തൊരു
അഗ്നിയായ് തെളിയവേ

മനതാരിൽ വിടരും
ചെന്താമരയായ് മാറവേ
തളിരണിയാത്ത കിനാക്കളെല്ലാം
ഒരു പൂക്കാലമായ്‌ മാറുമോ

ഇനിയും അനുരാഗദൂതുമായ്
വഴികൾ താണ്ടിടുമോ
വഴിക്കണ്ണുമായ് കാത്തിരിക്കും
പൂങ്കുയിലിൻ കൂട്ടായ് മാറുമോ

നിശയുടെ യാമങ്ങളിൽ
നിശ്ശബ്ദമായ് തേങ്ങും
നിലാപ്പക്ഷിയായ് ഇനിയും
താരാട്ടിനീണം മൂളുമോ ...

Saturday, August 9, 2014

ജന്മാന്തരങ്ങളിൽ ...



കാതരയായ് കേഴുമീ
രാപ്പാടി തൻ രോദനം
അലയൊടുങ്ങാത്ത
കടലിൻ നൊമ്പരമോ

തിരയൊഴിയാത്ത
തീരത്തിൻ നോവുകൾ
കാറ്റായ് മഴയായ്
അലിഞ്ഞൊഴുകുമോ

സ്വപ്നഗോപുരങ്ങൾ
പണിതൊരുക്കുമ്പോൾ
ജീവന്റെ താളമൊരുക്കും
മനമറിയാതെ പോകരുതേ

ഇമയറിയാതെ തുളുമ്പുന്ന
കണ്ണുനീർതുള്ളികൾ
ഹൃദയത്തിൻ നൊമ്പരം
വിളിച്ചോതുന്നുവോ

ഉള്ളിലെ സ്നേഹത്തിൻ
ജ്വാലകൾ കത്തിയെരിയവേ
മനസ്സൊരു  നെരിപ്പോടായ്
ഉരുകിത്തീരുന്നുവോ

സ്നേഹഗീതിയായ്
അലിഞ്ഞു പാടിടാം
ജന്മജന്മാന്തരങ്ങളിൽ
നിഴലായ് കൂടെ വന്നിടാം

അറിയാതെ പോകുന്ന
നൊമ്പരപ്പൂക്കളെ
മഴവില്ലിന്നഴകുമായ്
വരവേൽക്കാം    ....