Saturday, September 21, 2013

എല്ലാം മറക്കവേ ...


മൃദുപദമോടെ
മന്ദഹാസത്തോടെ
നീയെന്‍ കിനാവില്‍
ചേക്കേറവേ

കൂരിരുള്‍ പോലും
പൂനിലാവാകും
ശരശ്ശയ്യ പോലും
പൂമെത്തയാകും

കണ്ണൊന്നു ചിമ്മിയാല്‍
നിറഞ്ഞു നില്‍ക്കും
കൈയ്യൊന്നു നീട്ടിയാല്‍
അടുത്തു നില്‍ക്കും

സ്നേഹലോലനാം
നിന്‍ മുന്നിലെന്നും
നിലാവല പോലും
നാണിച്ചു നില്‍ക്കും

ഹരിനാമമന്ത്രം
ഉരുവിട്ടുവെന്നാല്‍
ശക്തിയും ബുദ്ധിയും
തെളിച്ചു നല്‍കും

വേദനയെല്ലാം
അകറ്റി നിര്‍ത്തും
വേദാന്തമൊക്കെ
പകര്‍ന്നു നല്‍കും

കണ്ണോടു കണ്ണൊന്നു
കാണുന്ന നേരം
എലാം മറന്നു ഞാന്‍
ലയിച്ചു ചേരും 

Saturday, September 14, 2013

പൂക്കളം



ചിങ്ങപ്പൊന്‍വെയില്‍
നിറദീപം പോല്‍ തെളിയവേ
മുറ്റത്തെ പൂക്കളത്തില്‍
തുമ്പപൂക്കള്‍ ചിരിതൂകി

മുക്കുറ്റിയും കാക്കപ്പൂവും
വര്‍ണ്ണശോഭ തെളിച്ചു
ചെത്തിയും ചേമന്തിയും
തൃക്കാപ്പൂ ചൂടിച്ചു

വഴിമാറി പ്പോയൊരു
കള്ളകര്‍ക്കിടകം
ഇടവേളകളില്‍
വന്നെത്തിനോക്കി

ഏഴഴകില്‍ വിരിഞ്ഞൊരു
പൂക്കളമെല്ലാം
മഴവെള്ളപ്പാച്ചിലില്‍
മറ്റൊരു പൂക്കളമൊരുക്കി

Tuesday, September 3, 2013

മയില്‍പ്പീലിതുണ്ടുകള്‍ ...



കാറ്റിന്‍ കൈകളില്‍ 
ആലോലമാടി  
നീലമേഘങ്ങള്‍ 
പാറിയൊളിക്കവേ

തീരത്തെ പുല്‍കുവാന്‍ 
തേടിയെത്തും തിരകള്‍ 
കളിവഞ്ചിയിറക്കവേ
ആഞ്ഞടിക്കുന്നുവോ

ചിപ്പിയില്‍ നിന്നും 
തെറിച്ചു വീണ
പവിഴമുത്തിനെ
കാണാതെ പോകുമോ

സായം സന്ധ്യകള്‍ 
യാത്ര ചൊല്ലവേ
ഇനിയിങ്ങു വരാതെ
പറന്നകലും കുരുവികളേ

തുയിലുണര്‍ത്തുമായ്
കതിരവന്‍ തെളിയവേ
ഉണര്‍ത്തുപാട്ടുമായ്
വീണ്ടും വന്നണയുമോ

നീലാകാശചോലയില്‍ 
വിരിഞ്ഞു നില്ക്കും 
നക്ഷത്രപൂക്കളേ
മിഴിനീരണിയുവതെന്തേ

വെയില്‍ തെളിയവേ
വിരിയാന്‍ മറന്ന
നാലുമണിപ്പൂവേ
നീയും കൊഴിയുകയോ

നിലാവൊളി പരക്കവേ
ഇതള്‍ വിടര്‍ത്തും പാലപ്പൂവേ
നിന്‍ നറുഗന്ധം പടരവേ
ഗന്ധര്‍വ്വകിന്നരനെത്തുമോ

നിശ്ശബ്ദയാമങ്ങളില്‍ 
ഉയരും നൂപുരശബ്ദം 
കിനാവില്‍ നിന്നൊഴുകും 
ചടുല പദനിസ്വനമോ

ഏതോ യാത്രയില്‍ 
മറന്നു വെച്ചൊരു 
നഷ്ടസ്വപ്നങ്ങള്‍ തന്‍ 
മയില്‍പ്പീലിതുണ്ടുകളാകാം ...

Sunday, September 1, 2013

കലികാലം ...



വിധിയുടെ കൈകള്‍
അമ്മാനമാടിയ
പൊന്‍കുരുന്നുകള്‍
തളരുമ്പോള്‍

ജീവനേകിയ
അമ്മ തന്‍ കൈകള്‍
ആരാച്ചാരായ്
തീര്‍ന്ന്പ്പോള്‍

തകര്‍ന്നടിഞ്ഞ
മനസ്സിന്‍ നൊമ്പരം
പീഡനത്തിന്‍
മുറിവിലുമേറെയായോ

അമ്മയാണുണ്മയെന്നു
ചൊല്ലവേ
നിയതി തന്‍
വിളയാട്ടു പമ്പരമായോ

ജനയിതാവിന്‍
തലയറുത്തു മാറ്റി
പുത്രധര്‍മ്മം
പൂര്‍ണ്ണമാക്കവേ

പകച്ചു നില്‍ക്കും
ജനതയെ നോക്കി
കൂസലെന്യേ പോകവേ
കലികാലമെന്നുര ചെയ്യാം .