Sunday, December 25, 2016

കണ്ണനായ്....



കാത്തിരിപ്പൂ ഞാനിവിടെ
കണ്ണാ നീയെന്നരികിലെത്താൻ
രാഗവിലോലയാം രാധയായ്
കാതോർക്കയായ് നിൻ കാലൊച്ച കേൾക്കുവാൻ

യദുകുലമുണരും വേണുഗാനത്തിനായ്
യമുന തീരത്തുയിർകൊള്ളുവാൻ
തുളസീമാലയായ് നിന്നെ പുണരുവാൻ
ഇനിയൊരു ജന്മം തന്നീടുമോ

ഓടക്കുഴലായ്‌ മാറിയെങ്കിൽ
നിന്നധരപുടങ്ങളിൽ  തപസ്സിരിക്കാം
പൊന്നിൻ കിങ്ങിണിയായ് തീർക്കുമെങ്കിൽ
അരമണിയായ് പതിഞ്ഞു ചേരാം

അഴലിന്റെ ആഴങ്ങളിൽ നിപതിച്ചാൽ
കനിവിന്റെ നിറവുമായ്‌ അരികിലിലെത്താൻ
ഹൃദയമുരളികയിൽ ഗാനമുയരുമ്പോൾ
രാഗമാലികയായ് നീയണയുകില്ലേ....

മുരളീഗാനത്തിൽ...



മുരളികയൂതും ചെഞ്ചൊടികളിൽ
നറുപുഞ്ചിരി എനിക്കായ് വിടരവേ
കർണ്ണപീയൂഷമാം വേണുഗാനത്തിൽ
കാതരയായ ഞാനുലഞ്ഞുപോയ്

ശ്രീലകം മുന്നിൽ തൊഴുതു നിൽക്കവേ
കാണുന്നുവെന്നുമാ കള്ളനോട്ടം
നാരുതുളസിക്കതിരായ് ജനിക്കുമെങ്കിൽ
തൃ ചേവടികളിൽ തപസ്സിരിക്കാം

വിശക്കുമ്പോൾ അമൃതേത്തു് നൽകുവാൻ
തൂവെണ്ണ കൈനിറയെ നൽകേറ്റാം
നിർമ്മാല്യ ദർശനത്തിനായിരം കാത്തിരിക്കവേ
മയിൽപീലിത്തുണ്ടുമായ് ഞാനിരിക്കാം

കൊഞ്ചികളിക്കും ഉണ്ണികൾക്കായി
മഞ്ചാടിമണികൾ വാരിയെടുക്കാം
തഞ്ചത്തിലൊന്നു നോക്കിയെന്നാൽ
നെഞ്ചകത്തിലെത്തുന്നതാ കള്ളച്ചിരി മാത്രം .....