Tuesday, March 31, 2015

ചിത്രമായ്‌....



ഓർമ്മകളിൽ
മായ്ക്കുവാനാകാതെ
നീറിപ്പടരുന്ന
മായാ ചിത്രമായ്‌

ഇരുളല മാറ്റിയ
വെള്ളിവെളിച്ചമായ്
പുതുമഴയേറ്റൊരു
ഭൂമിതൻ സംഗീതമായ്

ചിറകു കൊഴിക്കും
ഈയാമ്പാറ്റയായ്
കാറ്റിലൂയലാടും
നെൽക്കതിരുകളായ്

ഇനിയും വരാത്ത
പൂമ്പാറ്റകളായ്
കാറ്റിലണയാത്ത
തിരിനാളമായ്

കത്തിജ്വലിക്കുമൊരു
തീപ്പന്തമായ്
നിഴൽചിത്രമായ്
പടർന്നേറവേ

നോവിന്റെ തേങ്ങലുകൾ
ഉള്ളിലൊതുക്കും
എന്നിലെ എന്നെ
അറിയാതെ പോകയോ...

Sunday, March 29, 2015

ഇനിയും ....



എരിഞ്ഞുതീരും
പകലിനെ നോക്കി
നെടുവീർപ്പിടുന്നൊരു
നിഴലിനെ പോൽ,

അകന്നുപോകും
സ്നേഹ മന്ത്രണം
മരീചികയായ്
മാഞ്ഞു പോകയോ

കേൾക്കാൻ കൊതിച്ച
മൃദുവാം പദനിസ്വനം
അരികിലണയാതെ
വഴിമാറി പോകവേ,

തീരം താഴുകാത്ത
തിരമാല കണക്കേ
ആഴപ്പരപ്പിൽ
ചുഴിയാകുന്നുവോ

കനവുകൾ പകുത്ത്
നിനവിന്റെ തേരിൽ
ജീവശ്വാസമായ്
നിറഞ്ഞതെന്തിനോ

വിടരാത്ത പൂവിന്റെ
സ്നിഗ്ധത നുകരവേ
കൊഴിയുവാൻ മാത്രം
വിടർന്നതെന്തിനോ

പൊഴിയുവാനായ്
വർണ്ണച്ചിറകുകളേകി
തിരിഞ്ഞൊന്നു നോക്കാതെ
പറന്നു പോയതെവിടെ

മുറിവേറ്റ ചിറകുകൾ
ഉയർത്തുവാനാകാതെ
കേഴുമീ പൈങ്കിളിയെ
തലോടുവാൻ വന്നിടുമോ

മിഴിനീർ വാർക്കും
നിശ്വാസങ്ങളിൽ
കനിവിന്റെ ഉറവായ്
ഇനിയും പടർന്നേറുമോ ...

Sunday, March 15, 2015

കാണിക്കയായ്..




കനലായ് എരിഞ്ഞൊരു നൊമ്പരം
അണയാതെ സൂക്ഷിക്കും നാളുകളിൽ
മിഴികളിൽ തെളിഞ്ഞൊരു തിരിനാളം
കാണാമറയത്തു നിന്നും കാണവേ,

കെടാവിളക്കായ് കാത്തുസൂക്ഷിക്കാൻ
അലിവോലും മനമൊന്നറിയവേ
തീരാത്ത നൊമ്പരമലിയുമ്പോൾ
അകതാരിൽ വിടർന്നൊരു നറുപുഷ്പം

ഇതളൊന്നു കൊഴിയാതെ സൂക്ഷിച്ചിടാം
തളിരൊന്നു വാടാതെ കരുതി വെയ്ക്കാം
ഇളം തെന്നലൊന്നു തലോടവേ
നറുസുഗന്ധം പകർന്നു തരാം

നോവിൽ പിടയുന്നൊരുള്ളമെന്നും
നോവറിയാതെ തലോടുവാനായ്
നോവിൻ മുറിവുകൾ പകർന്നെടുക്കാം
നോവാതെയെന്നും കൂട്ടിരിക്കാം

കാരുണ്യമേകും കൈകൾക്കെന്നും
പ്രാർഥന തന്നുടെ ശക്തിയേകാം
സ്നേഹം പകരും മനസ്സിനെന്നും
തൂവൽസ്പർശമാം സ്പന്ദനമാകാം
 
ഉള്ളുരുകും മിഴിനീർ തുടയ്ക്കുവാൻ
കണ്ണനാമുണ്ണി തൻ വരദാനമല്ലയോ
തിരുമുന്നിലെന്നും കൈകൂപ്പവേ
കാണിക്കയായ് തന്ന ജന്മമല്ലയോ

പത്മമായ് വിടർന്നോരുള്ളമല്ലയോ
നറുവെണ്ണയായ്  അലിയുന്നതല്ലയോ
വേഴാമ്പലായ് കേഴുമൊരു ജന്മമല്ലാതെ
പകരമായ് നൽകുവാനില്ലയൊന്നും.