Friday, October 25, 2013

കൂട്ടായ്...


തളര്‍ന്നു പോയ തനുവും
ഉണര്‍ന്നിരിക്കുന്ന മനവും
കുതിക്കുവാന്‍ വെമ്പുന്ന
മോഹത്തെ തടവിലാക്കുമോ

ഇടറും പാദങ്ങളുറപ്പിക്കുവാന്‍
കൈത്താങ്ങൊന്നായ് തീരുവാന്‍
അകലെയാകിലും അരികിലായ്
മനോബലം പകര്‍ന്നേകുകില്ലേ

ഉഴറുന്ന മിഴികളില്‍ കാഴ്ച
മങ്ങിയതായ് തീരവേ
തെളിവോടെ മുന്നോട്ട് നയിക്കുവാന്‍
അലിവോടെ മുന്നിലണയുകില്ലേ

പതറുന്ന ചിന്തകളെ
ചിതറാതെ കൂടെ നിര്‍ത്തുവാന്‍
ചിതലരിക്കാത്ത ഓര്‍മ്മകളുമായ്
ചിരകാലവും കൂട്ടായ് തീരുകില്ലേ

Sunday, October 20, 2013

രാഗമായ്...


നിറയുന്ന മൌനത്തില്‍
അറിയുന്നു ഞാനെന്‍
ഹൃദയ വിപഞ്ചികയുടെ
ശ്രുതിമധുരമാം അനുരാഗം

പാടുവാന്‍ മറന്നൊരു
അനുരാഗ ഗാനത്തിന്‍
ഈരടികളാലിന്നെന്‍
മനസ്സൊരു വൃന്ദാവനമായ്

തരളിതമാം മാനസയമുനയില്‍
അലകളേറെ ഉയരവേ
തകര്‍ന്നു പോയ തന്ത്രികളില്‍
സപ്തസ്വരമുണരുന്നു

രാധാമാധവ സംഗമത്തിനായ്
വരുവാന്‍ വൈകുവതെന്തേ
രാഗലോലയായ് തീര്‍ന്നിട്ടും
ഇനിയും പരിഭവമോ

ആശകളാലൊരു മാല്യമൊരുക്കി
കാത്തിരിപ്പൂ ഞാനിവിടെ
വസന്തരാവിന്‍ ലാസ്യവുമായ്
ദേവഗായകാ നീയെവിടെ..



Thursday, October 17, 2013

തനിയാവര്‍ത്തനം ...



ചിറകൊടിഞ്ഞ സ്വപ്നങ്ങളെ
നെഞ്ചോടു ചേര്‍ത്ത് പുല്‍കവേ
അറിയുന്നു നോവില്‍ പിടയവേ
കുറുകുന്ന പ്രാവിന്‍ തുടിപ്പുകള്‍ 

നിണമാര്‍ന്ന ഓര്‍മ്മകളില്‍ 
ചിതലരിച്ച ജീവിതങ്ങള്‍ തന്‍ 
നിറം മങ്ങിയ നിഴലുകള്‍ മാത്രം 
മായാതെ തെളിയുന്നു വീണ്ടും 

തരളിതമായ ചിന്തകളില്‍ 
തനിയാവര്‍ത്തനങ്ങളായ് 
എഴുതുന്നു വീണ്ടും 
പറയാന്‍ മറന്ന വചനങ്ങള്‍