Friday, October 23, 2015

കാവ്യമാല്യം ...






അക്ഷരപ്പൂക്കളാൽ
അർപ്പിക്കയായ്
കാണിക്കയായെൻ 
കാവ്യമാല്യം
ഇലകൾ പൊഴിഞ്ഞ
മരങ്ങളായെങ്കിലും
വസന്തമണയവേ
പൂക്കാതിരിക്കുമോ
അർച്ചനയ്ക്കായ്
വിരിയുവതെന്നും
കൈക്കുടന്നയിൽ
നിറയും മലരുകൾ
നറുമണം പകരും
തുളസിക്കതിരായ്
വിടരുവാനേറെ
മോഹിക്കയായ്
ശുദ്ധമാം ജലവും
തീർഥമായ് മാറവേ
അർച്ചനാപുഷ്പമായ്
പുനർജനിക്കാം
നിറമാലയാലെന്നും
തെളിഞ്ഞു നില്ക്കവേ
പ്രാർഥനാഗീതമായ്
ഒഴുകിയെത്താം
കാവ്യഗീതികൾ
ഇനിയും ഉയരവേ
തെളിയിച്ചിടാമെന്നും
ഒരു നറുദീപം ..

Saturday, October 17, 2015

അർത്ഥമറിയാതെ



മൂകമാം നിമിഷങ്ങൾ
വാചാലമേറി
മിഴിനീരടരുവാൻ
വിതുമ്പി നിൽക്കവേ
അറിയാതെ
പോയതേതു നൊമ്പരം..

മൗന വാത്മീകത്തിൽ
തൂവൽ കൊഴിഞ്ഞൊരു
പക്ഷിയായ്
പറന്നുയരുവാനാകാതെ
വെയിലേറ്റു വാടിത്തളർന്നും
മഴയേറ്റു തണുത്തുറഞ്ഞും
കേഴുമാ വാനമ്പാടിയേതോ...

അഴലുകളെല്ലാം വാരിപ്പുതച്ച്
അണയാത്ത കനലുകൾ
നെഞ്ചിൽ നിറച്ചെന്നും
മുഗ്ദമാം പുഞ്ചിരിയാൽ
സ്നിഗ്ദമാം മനസ്സിനെ
മായാമയൂരമായ്
മാറ്റുവതെങ്ങിനെ

പച്ചിലച്ചാർത്തിൽ
പൂത്തു വിരിഞ്ഞൊരു
നറുമലരായ് മാറുന്നുവോ
നറുനിലാവിൽ
കാണാതലിയും
നിഴൽ മാത്രമായ്
തീരുന്നുവോ

മനസ്സിൽ ഉണരും
കവിതാശകലങ്ങൾ
അർത്ഥമറിയാതെ
മായുന്നുവോ

തീരങ്ങളിൽ
അലയടിക്കും
തിരകളായ്

ഇനിയും വരുകയില്ലേ..