Saturday, September 26, 2015

നിശാഗന്ധികൾ പൂക്കവേ

...

നിലാവിന്റെ കൈകളിൽ
ആലോലമാടുവാൻ
പൂത്തു വിടർന്നൊരു
നിശാഗന്ധി പുഷ്പമേ

ആരും കാണാതെ
കൊഴിഞ്ഞു വീഴവേ
തപ്തനിശ്വാസങ്ങൾ
പകർന്നതെന്തിനോ

ഇരുൾവീണവഴിയിൽ
കാണാമറയത്ത് നിന്നും
ഒഴുകിയെത്തും ഗന്ധമായ്
നിൻ സാമീപ്യമറിയവേ

പകൽവെളിച്ചത്തിൽ
വിടരുവാനാകാത്ത
നിൻ മൌന നൊമ്പരം
ആരുമറിയാതെ പോകയായ്

സൂര്യകിരണത്തിൻ
പരിരംഭണമറിയുവാൻ
കൊതിച്ചിടും നിന്നുള്ളം
നുള്ളിനോവിക്കുവാനായ്

പകലിനു വഴിമാറി
നിശയകന്നു പോകവേ
കൊഴിഞ്ഞു വീഴുവാൻ
വിധിച്ചതല്ലോ നിൻ ജന്മം...

Tuesday, September 15, 2015

സ്വാന്ത്വനമായ്



മോഹമാം നീർകുമിളകൾ
ഉടയാതെ തെന്നിതെറിക്കവേ
മയങ്ങുന്ന കണ്‍പീലികൾ
വിറയാർന്നു തുറക്കുന്നുവോ

കാണാമറയത്തു മാഞ്ഞൊരു
നോവിന്റെ ഈരടികൾ
കിനാവിന്റെ തീരത്ത്
പുതുനാമ്പായ് കിളിർത്തുവോ

നിലയ്ക്കാത്ത രാഗപല്ലവിയിൽ
ഉയരുന്ന കാൽചിലമ്പൊലികൾ
മനസ്സിന്റെ നോവുകളിൽ
ഇടറാത്ത  താളമായ് വിരിയട്ടെ

സ്വപ്നങ്ങൾക്ക്‌ ചിറകേകുവാൻ
നിർമലമാം പുഞ്ചിരിയുമായ്
നോവിന്റെ തീരത്തണഞ്ഞ
ഗന്ധർവ്വകിന്നരനാരോ

അഴലിന്റെ തീരങ്ങളിൽ
നിശാഗന്ധിയായ്  പൂത്തുവോ
ഗന്ധർവ്വയാമങ്ങളിൽ
മിന്നാമിനുങ്ങായ് തെളിഞ്ഞുവോ          

തീരമണയാത്ത തോണി പോൽ
അലകളിൽ ചാഞ്ചാടവേ
നിനവിന്റെ തീരങ്ങളിൽ
സ്വാന്ത്വനമായ് അലിയുകയല്ലേ

Tuesday, September 8, 2015

പൂങ്കാവനമായ് .

.

നനവാർന്ന കണ്‍പീലികളിൽ
മയക്കമെന്തിയായ് ഒളിപ്പൂ
മഴനീർതുള്ളികൾ ഒഴുകാതെ
സ്വപ്നം വിടരുന്നതിനാകുമോ

ചിങ്ങനിലാവിൻ നിഴലായ്
കാർമേഘക്കൂട്ടം വന്നണയവേ
പെയ്തൊഴിയാതെ വഴിമാറിയ
കർക്കിടകപെണ്ണ്‍ ചിരിക്കുന്നുവോ

ശ്രുതിയില്ലാത്ത പാട്ടിന്നലകളിൽ
മനസ്സൊരു മയൂരമായ് മാറുകയോ
ഹൃതന്ത്രികളിൽ മീട്ടിയ രാഗത്തിൽ
താളലയങ്ങളുണരുന്നുവോ

ഹൃത്തടത്തിൽ സൂക്ഷിച്ചൊരു
സ്വപ്നമാം മണ്‍കുടം വീണുടയാതെ
നിതാന്ത മോഹത്തിൻ അഗ്നിയിൽ
കനലായ് വാർത്തെടുക്കുന്നുവോ

നഷ്ടമാക്കില്ലയെൻ സ്വപ്നങ്ങളിനിയും
പ്രണയപരാഗങ്ങൾ പകർന്നേകി
പുഷ്പിക്കയിനിയുമെൻ മോഹങ്ങൾ
സ്വപ്നഭൂവിലൊരു പൂങ്കാവനമായ് ...