Thursday, December 25, 2014

ആരെന്നറിയാതെ..



നിറങ്ങളേഴും പകർന്നേകിയ
സായം സന്ധ്യ തൻ വർണ്ണചാരുതയിൽ
കൊഴിഞ്ഞു വീഴും പൂവിതളുകൾ
വീണ്ടും വിടരുവാൻ കൊതിക്കവേ

പശ്ചിമ സാഗരത്തിൽ മുങ്ങാംകുഴിയിട്ട
സൂര്യനോടൊന്നു പരിഭവമോതുവാൻ
ഒരു രാവിൻ നിറവിൽ കാത്തിരിക്കവേ
നിലാവലയായ് തഴുകുന്നതാരോ

കടൽകാറ്റിനീണം മൂളും തെന്നലോ
നിശാഗന്ധി തൻ പരിമളമേകും നിലാവോ
ഗന്ധർവ്വയാമത്തിൽ വിടർന്നീടും
ഗന്ധമാതള പൂക്കളിൻ മാദക ഗന്ധമോ

ഇരുളല തിങ്ങും രാവിൻ കരങ്ങളിൽ
തീരത്തെ പുണരും തിരയുടെ കരങ്ങളോ
അലസമായ് ഒഴുകിയെത്തും തിരകളുടെ
ചുംബനത്തിൽ ലാസ്യവതിയായ തീരമോ

പരിരംഭണമേൽക്കുവാൻ കാത്തു നില്ക്കും
പാരിജാത പൂക്കളിൻ നറുമണമോ
ആരോമൽ പുഞ്ചിരിയിൽ മനം മയക്കും
കുഞ്ഞിളം പൈതലിനായുള്ള വാത്സല്യമോ

ആരെന്നറിയാതെ മോഹിച്ചു പോകവേ
അദൃശ്യമായെന്നെ തഴുകി തലോടി
നോവുകളെല്ലം വിസ്മരിക്കുവാൻ
സ്വർലോകമേഴും തുറന്നു തന്നതാരോ

കാണാതീരത്തു  നിന്നും മുത്തുകളായെത്തി
അഴകിൽ കോർത്തൊരു മണിമാലയിൽ
സ്വപ്നങ്ങളൊക്കെയും പങ്കു ചേർത്ത്
സ്നേഹമാല്യം കൊരുത്തു വെച്ചതാരോ.....

Saturday, December 20, 2014

താരാപഥങ്ങളിൽ



നഷ്ട സ്വപ്നങ്ങൾക്കവധി നല്കുവാൻ
മനസ്സിൽ പൂക്കാലമോരുക്കി
സ്വർണരഥമേറി വന്നൊരു നാളിൽ
താരപഥങ്ങളിൽ നിന്നുമീ കണ്ണനും രാധയും

കരയും മനസ്സിൻ നോവുകൾ മാറ്റുവാൻ
ചിരിക്കും മുഖത്തിൽ ശോണിമ പകരുവാൻ
പാദപതനങ്ങളിൽ നിഴലായ് മാറുവാൻ
ഹൃദയവീണയിൽ രാഗമുയർത്തുവാൻ

മാരിവില്ലിൻ ഏഴഴകുള്ളൊരു മയിലായ്
പീലി വിടർത്തി നടനമാടുവാൻ
വിടരാത്ത പൂമൊട്ടിൽ ചുംബനമേകി
തേനുണ്ണും കരിവണ്ടായ് മൂളിപ്പറക്കുവാൻ

ഗാനവേദികളിൽ നിന്നുയർന്നിടും
മൃദംഗ താളത്തിൻ ലയമാകുവാൻ
ജീവിതവീഥിയിൽ തളർന്നു വീഴാതെ
താങ്ങായെന്നും കൂടെയെത്തുവാൻ

സ്വർഗമീ ഭൂമിയെന്നുര ചെയ്യുവാൻ
വൃന്ദാവനമായ് മാറ്റുവാൻ
വന്നിതാ വിണ്ണിലെ നക്ഷത്ര കുഞ്ഞുങ്ങൾ
അനുപമ ശോഭയേറും വാർതിങ്കളും ...