Sunday, July 27, 2014

കിനാവിന്‍ തീരത്ത്...



മയങ്ങും മിഴികളില്‍
സ്വപ്നമായ് തെളിയുവാന്‍
കിനാവിന്റെ തീരത്തുനിന്നും
വന്നെത്തിയ നക്ഷത്രകുരുന്നേ

ഒരു നോവായെന്നില്‍
നിശ്ശബ്ദമായ് പടര്‍ന്നേറവേ
നിന്നിലേക്കെത്തുവാന്‍ വെമ്പും
മനസ്സിന്‍ നൊമ്പരമറിയാതെ പോകയോ

ജീവന്റെ ജീവന്‍ പകര്‍ന്നേകാം
താരാട്ടിനീണം പാടിതരാം
കണ്ണിനു കര്‍പ്പൂരമായ് തെളിഞ്ഞീടാം
കെടാവിളക്കായ് തെളിയുകില്ലേ

നൊമ്പരമെല്ലാം പകര്‍ന്നെടുക്കാം
കിനാവൊളിയായ് തെളിഞ്ഞിടാം
പൂക്കാമരത്തിലെ പൂവാകാം
നിലാമഴയായ് പെയ്തലിയുകില്ലേ

Sunday, July 6, 2014

സ്നേഹധാരയായ്....


ഹൃദയരാഗം പകര്‍ന്നേകുവാന്‍
മനസ്സിന്‍ മണ്‍വീണ ഉണര്‍ന്നുവോ
ചിതലരിക്കാത്ത സ്വപ്നങ്ങളൊക്കെയും
പൂവണിഞ്ഞു പൂക്കാലമൊരുക്കിയോ

നിനവിന്‍ നോവുകള്‍ അറിയാതിനിയും
ഹൃദയതന്ത്രികള്‍ ഗാനം മീട്ടിയോ
മിഴിനീര്‍കണമൊക്കെയും
സ്നേഹധാരയായ് നിര്‍വ്വചിച്ചുവോ

അകതാരില്‍ ഉറങ്ങിയ ചിന്തകള്‍
കനിവേകും പുനര്‍ജീവനമായ് മാറിയോ
നഷ്ടസ്വപ്നങ്ങളെന്നു തപിക്കാതെ
ജീവല്‍സ്വപ്നമായ് വാരി പുണര്‍ന്നുവോ

എന്നിലലിയാനായ് തുടിച്ചു നില്‍ക്കും
നിന്‍ ജീവസ്പന്ദനം അറിയവേ
വിടരാതെ കൊഴിയുന്ന പൂമൊട്ടു പോല്‍
വിടരാതെ പോകില്ലൊരു നാളിലും

നിര്‍വൃതിയേകും നിമിഷങ്ങളില്‍
തരളിതമായ് അലിഞ്ഞിടാം
മധു നുകരുവാനാകാത്ത മധുപനെപോല്‍
ചിറകുകള്‍ നഷ്ടമായ് തളര്‍ന്നിടല്ലേ

സ്നേഹസ്വാന്തനമായ് തഴുകിടാം
തളരുവാനാകാത്ത ചിറകുകള്‍ നല്കിടാം
സ്വയമുരുകി തീര്‍ന്നാലും വെളിച്ചമേകും
മെഴുതിരിപോല്‍ ദീപ്തമാകാം...

Tuesday, July 1, 2014

ബാല്യത്തിനായ്...

എവിടെയോ മറന്നു വച്ച
കൈവളപ്പൊട്ടുകള്‍
ചിന്തീറിട്ടു മിനുക്കിയ
ഓര്‍മ്മകള്‍ക്കുള്ളില്‍ നിന്നും
പെറുക്കിയെടുത്തോമനിക്കും
ബാല്യമിനിയും വന്നെത്തുമോ

കണ്ണിമാങ്ങ പെറുക്കുവാന്‍
ഓടിയൊളിച്ചതും
വാഴത്തേനുണ്ണുവാന്‍
കൂമ്പു പറിച്ച്തും
ഓര്‍മ്മകള്‍ മാത്രമായ് തീരവേ
നഷ്ടബാല്യമോര്‍ത്തു കേഴുന്നു മനം

കൊയ്ത്തു കഴിഞ്ഞ പാടത്ത്
കറ്റ മുറുക്കുവാന്‍ കൂടിയതും
കൂട്ടിയിട്ട കറ്റകളൊന്നൊന്നായ്
മെയ്തൊരുക്കുവാന്‍ ഒരുങ്ങിയതും
നിറം ചാര്‍ത്തുമോര്‍മ്മകളായ്
ബാല്യത്തിലേയ്ക്കെന്നെ മാടി വിളിക്കുന്നു

ആദ്യമായ് തറ്റുടുത്ത്
ഒരോണപ്പൂവായ് മാറിയപ്പോള്‍
അതിര്‍വരമ്പുകളേറെ വെച്ച്
ബാല്യമെന്നില്‍ നിന്നകന്നു പോയ്
മുഗ്ധ സ്വപ്നങ്ങള്‍ പകര്‍ന്നു തന്ന്
ബാല്യത്തെയങ്ങകലേക്കയച്ചു.